ad
Deshabhimani

കെസിഎൽ മൂന്നാം സീസണിന് ഇന്ന് തുടക്കം; കിരീടത്തിനായി ആറ് ടീമുകൾ

KCL
വെബ് ഡെസ്ക്

Published on Aug 20, 2026, 11:33 AM | 2 min read

തിരുവനന്തപുരം : ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ഇന്ന് തുടക്കം. ആഗസ്ത് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ആറ് ടീമുകളും അവസാനഘട്ട പരിശീലനം പൂർത്തിയാക്കി കിരീടപ്പോരാട്ടത്തിന് തയ്യാറായിക്കഴിഞ്ഞു.


ആദ്യ മത്സരത്തിൽ ഉച്ചയ്ക്ക് 2.30ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശൂർ ടൈറ്റൻസിനെ നേരിടും. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെ നേരിടും.


കിരീടം ലക്ഷ്യമിട്ടുള്ള ആത്മവിശ്വാസമാണ് ടീമുകളുടെ ക്യാപ്റ്റന്മാർ പങ്കുവെച്ചത്. പുതിയ ടീമിനെ നയിക്കുന്നത് വെല്ലുവിളിയാണെങ്കിലും മികച്ച താരനിരയുമായി കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിഫൈനലിൽ പുറത്തായ തൃശൂർ ടൈറ്റൻസ് ഇത്തവണ കിരീടം നേടുകയാണ് ലക്ഷ്യമെന്ന് ക്യാപ്റ്റൻ അഖിൽ എംഎസ് പറഞ്ഞു.


കഴിഞ്ഞ ഒരു മാസമായി മികച്ച പരിശീലനം നടത്തിയെന്നും യുവതാരങ്ങളുടെ ഊർജം ടീമിന് കരുത്താകുമെന്നും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നായകൻ രോഹൻ കുന്നുമ്മൽ വ്യക്തമാക്കി. പരിചയസമ്പന്നരും യുവതാരങ്ങളും ചേർന്ന സന്തുലിത ടീമുമായി മുൻ സീസണുകളിൽ നിന്നുള്ള പാഠങ്ങൾ പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ്.


മുൻ സീസണുകളിലെ ഫൈനൽ പ്രവേശനവും കിരീടനേട്ടവും ആവർത്തിക്കുകയാണ് ലക്ഷ്യമെന്ന് ഏരീസ് കൊല്ലം സെയ്‌ലേഴ്സ് നായകൻ വത്സൽ ഗോവിന്ദ് പറഞ്ഞു. എല്ലാ മേഖലകളിലും ശക്തമായ ടീമിനൊപ്പം ആദ്യ മത്സരം മുതൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സലി സാംസണും വ്യക്തമാക്കി.


അതേസമയം, കെസിഎൽ മത്സരങ്ങൾക്കായി ഗ്രീൻഫീൽഡ് സ്റ്റേഡിയവും പൂർണ സജ്ജമാണ്. മുൻ സീസണുകളിലേതുപോലെ റൺമഴയ്ക്ക് അനുകൂലമായ പിച്ചുകളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർ എഎം.ബിജു പറഞ്ഞു. കഴിഞ്ഞ സീസണിലെ അഞ്ച് പിച്ചുകൾക്ക് പകരം ഇത്തവണ ആറ് പ്രധാന പിച്ചുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ദിവസവും രണ്ട് മത്സരങ്ങൾ നടക്കുന്നതിനാൽ പിച്ചുകളുടെ നിലവാരം നിലനിർത്താനാണ് എണ്ണം വർധിപ്പിച്ചത്.


പരിശീലനത്തിനായി മൂന്ന് പിച്ചുകളും രണ്ട് ആസ്ട്രോ ടർഫ് വിക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. കർണാടകയിലെ മാണ്ഡ്യയിൽ നിന്ന് എത്തിച്ച മണ്ണാണ് പ്രധാന പിച്ചുകളുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മികച്ച ബൗൺസിനൊപ്പം പിച്ച് സ്ലോ ആകാതിരിക്കാനും ഈ മണ്ണ് സഹായിക്കുമെന്ന് ക്യൂറേറ്റർ വ്യക്തമാക്കി.


മഴയെത്തിയാലും മത്സരം വേഗത്തിൽ പുനരാരംഭിക്കാൻ കഴിയുന്ന അത്യാധുനിക ഡ്രെയിനേജ് സംവിധാനവും ഗ്രീൻഫീൽഡിലുണ്ട്. മഴ മാറിയാൽ ഏകദേശം അരമണിക്കൂറിനുള്ളിൽ മത്സരം പുനരാരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


രണ്ടര മാസം മുമ്പ് ആരംഭിച്ച പിച്ച്, ഔട്ട്ഫീൽഡ് ജോലികൾ ഇപ്പോൾ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. കെസിഎല്ലിന് പിന്നാലെ ഗ്രീൻഫീൽഡിൽ ഏതാനും അന്താരാഷ്ട്ര മത്സരങ്ങളും നടക്കാനിരിക്കുകയാണ്. ട്വന്റി20 ക്രിക്കറ്റിന്റെ ആവേശം നിറയ്ക്കുന്ന പോരാട്ടങ്ങൾക്ക് വേദിയാകാൻ ഗ്രീൻഫീൽഡ് ഒരുങ്ങിക്കഴിഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home