കരുവാറ്റ കൊലപാതകം; ചോദ്യംചെയ്യലിൽ പൊട്ടിക്കരഞ്ഞ് പെൺകുട്ടി, അന്വേഷണം വഴിതെറ്റിക്കാൻ പ്രത്യേക പ്ലാൻ

ആലപ്പുഴ : ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായാൽ അന്വേഷണം വഴിതെറ്റിക്കാനായി പ്രതികൾ പ്രത്യേക പ്ലാൻ തയാറാക്കിയിരുന്നതായി വിവരം. പൊലീസിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പ്രതികളെല്ലാം ഒരേപോലെ ആവർത്തിച്ചിരുന്നു. ഹരിപ്പാട് എത്തിയതിനെപ്പറ്റിയും ലൊക്കേഷൻ അയച്ചുനൽകിയതിനെപ്പറ്റിയും ഒരേ കഥ തന്നെയാണ് വ്യത്യസ്ത സമയങ്ങളിൽ പിടിയിലായിട്ടും പ്രതികൾ ആവർത്തിച്ചത്. കുറ്റം നിഷേധിക്കാനും മറ്റുള്ളവരിലേക്ക് സംശയം വഴിതിരിച്ചുവിടാനും ശ്രമം നടത്തിയെങ്കിലും ഡിജിറ്റൽ തെളിവുളടക്കം നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പതിമൂന്നുകാരി പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞതായാണ് വിവരം. വീട്ടിലാരും തന്റെ ഇഷ്ടങ്ങൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും അച്ഛന്റെയും അമ്മയുടെയും സ്‌നേഹം അറിഞ്ഞിട്ടില്ലെന്നും പെൺകുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു.
ഐ ഫോൺ വാങ്ങാനും സുഹൃത്തിന് ബൈക്കിനും പണം കണ്ടെത്താനാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് പെൺകുട്ടിയെ ചോദ്യം ചെയ്‌തപ്പോൾ വ്യക്‌തമാക്കി. അമിതമായ ഫോൺ ഉപയോഗം എതിർത്തത് പെൺകുട്ടിക്ക് കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരോട് പകയുണ്ടാകാൻ കാരണമായി. ആസൂത്രിതമായി കുറ്റകൃത്യം നടത്താനും തെളിവ് നശിപ്പിക്കാനുമുള്ള അറിവ് സിനിമയിൽ നിന്നാണ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു.
കുറ്റവാളിയാക്കിയത് അരക്ഷിത ജീവിതസാഹചര്യം
കേസിൽ പ്രതിയായ പതിമൂന്നുകാരിയെ കുറ്റവാളിയാക്കിയത് അവൾ കടന്നുപോയ അരക്ഷിതമായ ജീവിതസാഹചര്യങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് പെൺകുട്ടി മൊഴിയും നൽകിയിട്ടുണ്ട്. കുട്ടിയുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞതാണ്. ഇതിനുശേഷം പരവൂരിൽ അമ്മയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടി കഴിഞ്ഞത്.
ആറാംക്ലാസിൽ പഠിക്കുമ്പോൾ ബന്ധുക്കളുമായി പിണങ്ങി വീടുവിട്ട കുട്ടിയെ പൊലീസാണ് കണ്ടെത്തിയത്. സ്റ്റേഷനിലെത്തിച്ച പെൺകുട്ടി അമ്മയെയും മുത്തശ്ശിയെയും എതിർത്താണ് അന്ന് സംസാരിച്ചത്. അവിടെനിന്ന് താമസം ആലപ്പുഴയിലെ ചിൽഡ്രൻസ് ഹോമിലാക്കി. പിന്നീടാണ് കരുവാറ്റയിലെ വാടകവീട്ടിൽ താമസമാക്കിയത്.
അതിനിടെയാണ് അമ്മ വിദേശത്ത് ജോലിക്ക് പോയത്. മുത്തശ്ശി പുലരുംമുമ്പ് ലോട്ടറി വിൽപ്പനക്കായി പോകുന്നതിനാൽ മിക്കപ്പോഴും പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. രാത്രിയിലെ ഫോൺ ഉപയോഗത്തെപ്പറ്റി പെൺകുട്ടി മുത്തശ്ശിയുമായി തർക്കമുണ്ടാക്കിയതായി പൊലീസ് പറഞ്ഞു. നങ്ങ്യാർകുളങ്ങരയിൽ പെൺകുട്ടി പഠിച്ച സ്കൂളിലും പ്രശ്നമുണ്ടാക്കിയിരുന്നു.
ശനി രാത്രിയാണ് നാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ ശിവൻകുട്ടി ചെട്ടിയാരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 13കാരിയുടെ ക്വട്ടേഷൻ പ്രകാരമാണ് പെൺകുട്ടിയുടെ സുഹൃത്തുക്കളായ പ്രതികൾ കൊലപാതകം നടത്തിയത്.










0 comments