പാർക്കിൻ ലാഭം 166.2 കോടി ദിർഹം: ഉയർച്ച 12 ശതമാനം

ദുബായ് : ദുബായിലെ പാർക്കിങ് സേവനദാതാക്കളായ പാർക്കിൻ കമ്പനിയുടെ രണ്ടാം പാദത്തിലെ അറ്റാദായം 12 ശതമാനം ഉയർന്ന് 166.2 കോടി ദിർഹമായെന്ന് റിപ്പോർട്ട്. ഇക്കാലയളവിൽ കമ്പനിയുടെ വരുമാനം 364.1 കോടി ദിർഹമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനമാണ് വർധനയെന്നും റിപ്പോർട്ടിലുണ്ട്.
പലിശ, നികുതി, മൂല്യത്തകർച്ച എന്നിവയ്ക്ക് മുമ്പുള്ള ലാഭം 15 ശതമാനം ഉയർന്ന് 217.2 കോടി ദിർഹമായി. കഴിഞ്ഞ 12 മാസത്തിനിടെ 56,800 പാർക്കിങ് ഇടങ്ങൾകൂടി പുതുതായി ഉൾപ്പെടുത്തി. ഇതോടെ കമ്പനിയുടെ ആകെ പാർക്കിങ് ഇടങ്ങളുടെ എണ്ണം 2,68,300 ആയി. മൊത്തം വാർഷിക വളർച്ച 27 ശതമാനമാണ്. ഇടപാടുകളുടെ എണ്ണം 75 ശതമാനം വർധിച്ച് 66 ലക്ഷമായി. സീസണൽ പാർക്കിങ് കാർഡുകളുടെ വിൽപ്പന രണ്ടാം പാദത്തിൽ 38 ശതമാനം ഉയർന്ന് 97,500 ആയി. ഒരുമാസത്തെ സീസണൽ കാർഡുകൾക്ക് ആവശ്യകത ശക്തമായി തുടരുകയാണെന്ന് കമ്പനി അറിയിച്ചു.
നിയമലംഘനങ്ങളിൽനിന്നുള്ള വരുമാനവും വർധിച്ചു. എൻഫോഴ്സ്മെന്റ് വരുമാനം 11 ശതമാനം ഉയർന്ന് 107.5 കോടി ദിർഹമായി. സ്മാർട്ട് പരിശോധന വാഹനങ്ങൾ രണ്ടാം പാദത്തിൽ 2.06 കോടി വാഹന നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ 52 ശതമാനം വർധനയാണിത്. നിയമലംഘന നോട്ടീസുകളുടെ എണ്ണം അഞ്ച് ശതമാനം ഉയർന്ന് 6.95 ലക്ഷമായി. രണ്ടാം പാദത്തിന്റെ അവസാനം കമ്പനിയുടെ സൗജന്യ പണമൊഴുക്ക് 341.8 കോടി ദിർഹമായി. പണമൊഴുക്ക് പരിവർത്തന നിരക്ക് 96 ശതമാനമാണ്. അറ്റകടം 710.1 കോടി ദിർഹവും ലഭ്യമായ പണലഭ്യത 563.2 കോടി ദിർഹവുമാണ്.









0 comments