ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ, എതിരാളികൾ ചൈന

Photo:PTI
ന്യൂഡൽഹി : ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യയുടെ ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസിൽ ജപ്പാന്റെ ശക്തരായ ഏഴാം സീഡ് താരം ജോഡിയായ റിൻ ഇവാ നാഗ - കീ നകനിഷി സഖ്യത്തെ അട്ടിമറിച്ച് ഇന്ത്യൻ ജോഡി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-16, 21-12) ലോക റാങ്കിങിൽ 39-ാം സ്ഥാനക്കാരായ ഇന്ത്യൻ സഖ്യത്തിന്റെ വിജയം. മെഡലിന് ഒരു ജയം അരികെയാണ് ഇന്ത്യൻ സഖ്യം.
ട്രീസയുടെ മിന്നൽ ജമ്പ് സ്മാഷുകളും കോർട്ടിലെ അഗ്രസീവ് പ്രകടനവുമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയത്. അമ്പയറുടെ ചില തീരുമാനങ്ങളോടും എതിർ കളിക്കാരുടെ പെരുമാറ്റത്തോടും പ്രതിഷേധിച്ച് മത്സരത്തിനിടെ ട്രീസയ്ക്ക് മഞ്ഞക്കാർഡ് മുന്നറിയിപ്പ് ലഭിച്ചെങ്കിലും, തളരാതെ പോരാടിയ ഇന്ത്യൻ സഖ്യം പൂർണ്ണ ആധിപത്യത്തോടെ മത്സരം സ്വന്തമാക്കുകയായിരുന്നു. പരിശീലകൻ ഗോപീചന്ദിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശവും ഗാലറിയുടെ മികച്ച പിന്തുണയും ഇന്ത്യൻ താരങ്ങൾക്ക് കരുത്തായി.
പരിക്കിനെ തുടർന്ന് മൂന്ന് മാസത്തോളം കോർട്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന ട്രീസയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ മത്സരം. കോർട്ടിലെ മികച്ച ഏകോപനവും സർപ്രൈസ് ഷോട്ടുകളും കൊണ്ട് ജാപ്പനീസ് സഖ്യത്തെ സമ്മർദ്ദത്തിലാക്കാൻ മലയാളി താരം ട്രീസയ്ക്കും ഗായത്രിയ്ക്കും സാധിച്ചു. കഴിഞ്ഞ വർഷം ലോക റാങ്കിംഗിൽ ആദ്യ പത്തിനുള്ളിൽ ഉണ്ടായിരുന്ന ഫോമിലേക്ക് തിരിച്ചെത്തിയ സൂചന നൽകുന്നതാണ് ഈ ഉജ്ജ്വല ജയം.









0 comments