ഇന്ത്യയിലേക്കുള്ള വിമാനയാത്ര; സുരക്ഷാ പരിശോധനയ്‌ക്ക് കൂടുതൽ സമയം വേണ്ടിവരുമെന്ന് അറിയിപ്പ്

ദുബായ് : ഇന്ത്യയിലെ വിമാനയാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും. വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയ്‌ക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അധിക നിർബന്ധിത സുരക്ഷാ പരിശോധന നടത്തും. യാത്രക്കാർ നേരത്തേ എത്തുകയും യാത്രാരേഖകൾ കൈയിൽ തയ്യാറാക്കി വയ്ക്കുകയും സുരക്ഷാ പരിശോധനകൾക്കായി കൂടുതൽ സമയം അനുവദിക്കുകയും വേണം. ന്യൂഡൽഹി, മുംബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പരിശോധനയുണ്ട്. എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികൾ നേരത്തേ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ഇൻഡിഗോയും വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാമെന്ന് അറിയിച്ചു.
ഗതാഗതക്കുരുക്ക്, പാർക്കിങ്, ചെക്ക് ഇൻ കൗണ്ടറുകളിലെ കാത്തുനിൽപ്പ്, അധിക സുരക്ഷാ പരിശോധനകൾ എന്നിവയ്ക്കായി അധിക സമയം മാറ്റിവയ്ക്കണം. തിരിച്ചറിയൽ രേഖ, ബോർഡിങ് പാസ്, മറ്റ് യാത്രാരേഖകൾ എന്നിവ സുരക്ഷാ പരിശോധനയ്ക്കിടെ എളുപ്പത്തിൽ ലഭ്യമാകുന്ന വിധം കൈയിൽ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ബാഗേജ് സംബന്ധിച്ച വിമാനക്കമ്പനികളുടെ നിർദേശങ്ങൾ പാലിക്കുന്നത് സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ സഹായിക്കും. യാത്രക്കാർ വിമാനത്തിന്റെ സ്ഥിതിയും ഏറ്റവും പുതിയ യാത്രാവിവരങ്ങളും മുൻകൂട്ടി പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.










0 comments