മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വംശഹത്യ കേസിൽ ജയിലിലായിരിക്കെ

ന്യൂഡൽഹി : മുൻ കോൺഗ്രസ് എം പി സജ്ജൻ കുമാർ (80) അന്തരിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. തിഹാർ ജയിലിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ഉടൻതന്നെ സഫ്ദർജങ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഔട്ടൽ ഡൽഹിയിൽ നിന്ന് മൂന്ന് തവണ ലോക്സഭാഗമായ സജ്ജൻ കുമാർ 2018ലാണ് കോൺഗ്രസിൽ നിന്ന് രാജി വയ്ക്കുന്നത്. 2018 ഡിസംബർ 17-നാണ് കേസിൽ കുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ 2013 ലെ വിധി ഡൽഹി ഹൈക്കോടതി റദ്ദാക്കിയത്. തുടർന്ന് സജ്ജൻ കുമാറിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
1984 ഒക്ടോബർ 31-ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചതിനെത്തുടർന്നാണ് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഡൽഹിയിലുടനീളം സായുധ സംഘങ്ങൾ സിഖുകാരെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിൽ 3,000-ത്തിലധികം സിഖുകാർ കൊല്ലപ്പെട്ടു. ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയത് സജ്ജൻകുമാർ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളായിരുന്നു.
കലാപത്തെത്തുടർന്ന് 1984 നവംബറിൽ പാകോളനിയിലെ രാജ് നഗർ പാർട്ട്-1-ൽ അഞ്ച് പേരുടെ കൊലപാതകം, ഗുരുദ്വാര കത്തിച്ച കേസ്, ക്രിമിനൽ ഗൂഢാലോചന, പ്രേരണ എന്നീ കുറ്റങ്ങൾക്കാണ് സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഹൈക്കോടതി വിധിച്ചത്. 1984 ലെ സിഖ് വിരുദ്ധ അക്രമത്തെ "മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ" എന്നാണ് കോടതി വിധിയിൽ വിശേഷിപ്പിച്ചത്.










0 comments