ഇഡി കേസുകളിലെ അമിതാധികാര പ്രയോഗം; പുനഃപരിശോധനാ ഹര്‍ജികൾ പരിഗണിക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സ്വത്തുക്കൾ കണ്ടുകെട്ടാനും അറസ്റ്റ് ചെയ്യാനും റെയ്ഡുകൾ നടത്താനും വിപുലമായ അധികാരങ്ങൾ നൽകിയ നിയമ പരിഷ്കരണം ശരിവെച്ച 2022 ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റീസ് സുര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തന്നെയാവും കേസ് കേൾക്കുക. തീയതി പിന്നീട് അറിയിക്കും.
ഇത് സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ സ്വീകാര്യമാണോ എന്ന കാര്യത്തിലാവും ആദ്യം വാദം കേൾക്കുക. ഹര്‍ജിക്കാര്‍ 13 ആശങ്കകളാണ് കോടതി മുമ്പാകെ ഉന്നയിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കാമെന്ന് തീരുമാനിച്ചത്.
രാഷ്ട്രീയ വേട്ടകളുടെയും, ജനവിധി അട്ടിമറിക്കാനുള്ള മറുകണ്ടം ചാടിക്കൽ തന്ത്രങ്ങളുടെ ഉപാധിയായും ബിജെപി സര്‍ക്കാര്‍ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിൽ കോടതി തന്നെ ഒരു ഘട്ടത്തിൽ നിയമ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകേണ്ടി വന്നു. സര്‍വ്വ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തിയുള്ള പകപോക്കൽ, ഭയപ്പെടുത്തൽ വേട്ടകൾ സംബന്ധിച്ച് രാജ്യം മുഴുവൻ ചര്‍ച്ചകളും പ്രതിഷേധങ്ങളും തുടരുകയാണ്.
2022 ൽ ഏകദേശം ഇരുന്നൂറോളം എതിര്‍ ഹര്‍ജികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇഡിയുടെ അധികാരങ്ങൾ ശരിവെച്ചിരുന്നത്.
ഇ സി ഐ ആറിന്റെ പകര്‍പ്പ് നൽകൽ, കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത കേസിലെ പ്രതിയിൽ തന്നെ ചുമത്തൽ എന്നിവ അനുവദിക്കുന്ന സെക്ഷൻ 24 ഉൾപ്പെടെ നിര്‍ണായക വിഷയങ്ങളിൽ മാത്രമേ പുനഃപരിശോധന നടത്താൻ സാധ്യമാവൂ എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത മുന്നോട്ടുവെച്ചത്. ഇക്കാര്യത്തിൽ കോടതി തത്കാലം പ്രതികരിച്ചിട്ടില്ല.
4,622 കേസുകൾ
ശിക്ഷിക്കപ്പെട്ടത് ഒരു ശതമാനം
2002-ൽ പാർലമെന്റ് പാസാക്കിയ പിഎംഎൽഎ (PMLA - Prevention of Money Laundering Act) എന്ന കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം 2005 ജൂലൈ ഒന്നു മുതലാണ് നിലവിൽ വന്നത്. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിന് കീഴിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ആണ് ഈ കേസുകൾ അന്വേഷിക്കയും പൊലീസിനും കോടതിക്കും ഒപ്പമായുള്ള അധികാരങ്ങൾ പ്രയോഗിക്കയും ചെയ്യുന്നത്. സ്വത്തുക്കൾ കണ്ടുകെട്ടാനും വാറന്റില്ലാതെ തടഞ്ഞുവെക്കാനും ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും വരെ അധികാരങ്ങൾ നൽകുന്നു.
ഇഡി അഞ്ച് വർഷത്തിനിടെ 4,622 കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും കോടതികളിൽ എത്തിയപ്പോൾ ശിക്ഷ ശരിവെക്കപ്പെട്ടത് 43 കേസിൽ മാത്രമാണ്. കേന്ദ്രസർക്കാർ വി ശിവദാസന് രാജ്യസഭയിൽ നൽകിയ മറുപടിയിൽ ഇൗ കണക്കുകൾ പുറത്തു വന്നിരുന്നു. 2021-–2022 മുതൽ 2025–20-26 വരെ പിഎംഎൽഎ പ്രകാരം ഇഡി 4,622 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ഇതിൽ 1,243 പേരെ അറസ്‌റ്റ് ചെയ്‌തു. 43 കേസിൽ മാത്രമാണ് ശിക്ഷാവിധിയുണ്ടായത്. ആകെ രജിസ്റ്റർ ചെയ്‌ത കേസുകളുടെ ഒരു ശതമാനത്തിൽ താഴെയാണിത്. ഇപ്പോൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ കേസുകൾ 104 എണ്ണം മാത്രം.
ആദായനികുതി വകുപ്പ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രജിസ്‌റ്റർ ചെയ്‌തത് 2127 കേസുകളാണ്. ഇവയിലും ശിക്ഷിക്കപ്പെട്ടത് 233 കേസുകളിൽ മാത്രമാണ്. കേവലം 11 ശതമാനത്തിൽ താഴെയാണിത്. 854 കേസുകളിൽ പ്രതികൾ കുറ്റവിമുക്തരായ സാഹചര്യമുണ്ടായി.









0 comments