സാമ്പത്തിക അസ്ഥിരതകള്‍ മറച്ചുവെയ്ക്കാനുള്ള തന്ത്രം; ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ

തെഹ്റാൻ : ഇറാനെതിരെ 'ഇക്കണോമിക് ഡി ഡേ' പ്രഖ്യാപിച്ച് കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ. ട്രംപിന്റെ സാമ്പത്തിക ശിക്ഷാ നടപടി പരാജയപ്പെട്ട നയങ്ങളുടെ തുടര്‍ച്ചയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇത് അമേരിക്കയ്ക്ക് കൂടുതൽ പരാജയങ്ങൾ മാത്രമേ നൽകൂവെന്നും അരാഗ്ചി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
യുഎസ് നേരിടുന്ന പ്രതിസന്ധികളെ മറച്ചുപിടിക്കാനുള്ള ട്രംപിന്റെ തന്ത്രമാണ് 'ഇക്കണോമിക് ഡി ഡേ'. രാജ്യത്തിന്റെ കടബാധ്യതയും കുതിച്ചുയരുന്ന പലിശച്ചെലവുകളും ജനങ്ങളിൽ നിന്ന് മറച്ചുവെയ്ക്കാനാണ് ശ്രമം. ഇറാനെതിരായ ഉപരോധത്തിലൂടെ പരാജയങ്ങളും ഇറാന്റെ ശത്രുതയും മാത്രമാണ് ലഭിക്കുക, അരാഗ്ചി കുറിച്ചു. ആഗോള സമ്പദ് വ്യവസ്ഥയെയും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും ഭീഷണിപ്പെടുത്തുകയാണ് യുഎസ് ഈ സാമ്പത്തിക തീവ്രവാദത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അരാഗ്ചി പറഞ്ഞു. യുഎസിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളും പോസ്റ്റിനൊപ്പം അരാഗ്ചി പങ്കുവെച്ചു.
ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളെല്ലാം പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാനെതിരെ 'ഇക്കണോമിക് ഡി ഡേ' പ്രഖ്യാപിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും സഖ്യകക്ഷികൾ ഒപ്പമുണ്ടാകണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.









0 comments