ad
Deshabhimani

കപ്പലില്‍ നിന്ന് മലയാളി യുവാവിനെ കാണാതായിട്ട് ഒമ്പത് ദിവസം; കണ്ണീരോടെ കുടുംബം

shinton missing from ship
വെബ് ഡെസ്ക്

Published on Aug 20, 2026, 03:10 PM | 1 min read

വൈപ്പിൻ : ഇന്തോനേഷ്യൻ സമുദ്രാതിർത്തിയിൽ മലയാളിയായ കപ്പൽജീവനക്കാരനെ കാണാതായിട്ട് ഒമ്പത് ദിവസം പിന്നിട്ടിട്ടും വിവരമില്ല. കപ്പൽജീവനക്കാരനായ ഷിന്റോൺ ബെന്നിയെ (24) യാണ് കപ്പലിൽനിന്ന്‌ കാണാതായത്. ഇത്ര ദിവസം പിന്നിട്ടിട്ടും ഒരു വിവരവും കപ്പൽക്കമ്പനി നൽകുന്നില്ലെന്ന്‌ ബന്ധുക്കൾ പറഞ്ഞു.


വിവരങ്ങളറിയാതെ ഞാറക്കൽ കെടിഎക്സ് റോഡിലെ പാലിശേരി വീട്ടിൽ കുടുംബം ആശങ്കയോടെ കാത്തിരിക്കുകയാണ്‌ ഷിന്റോണിന്റെ അച്ഛൻ ബെന്നിയും അമ്മ ഷീജയും ഏക സഹോദരൻ ആരോണും. ഓരോ ദിനവും വിവരം ലഭിക്കുമെന്ന പ്രതീക്ഷയോടെ തള്ളിനീക്കുകയാണ്‌ കുടുംബാം​ഗങ്ങൾ. കാണാതായി എന്ന് മാത്രമാണ് കപ്പൽ കമ്പനി അറിയിച്ചതെന്നും മറുപടികളിൽ വ്യക്തതയില്ലെന്നും കുടുംബം പറഞ്ഞു.


ദിവസവും മൂന്നും നാലും പ്രാവശ്യം വീട്ടിലേക്ക്‌ വിളിക്കുന്ന മകന്റെ ശബ്ദം ഒന്നുകേൾക്കാൻ, കഴിഞ്ഞ ഏഴുദിവസമായി അമ്മ ഷീജ കാതോർത്തിരിക്കുകയാണ്. ആദ്യ വിവരങ്ങൾക്കുശേഷം കമ്പനിയുമായി പിന്നീട് ബന്ധപ്പെടാനായിട്ടില്ല. മലയാളികളായ സഹപ്രവർത്തകരുമായും ബന്ധപ്പെടാനാവുന്നില്ല. അവരുടെ ഫോണും കമ്പനി കസ്റ്റഡിയിൽ വാങ്ങിവച്ചിരിക്കുകയാണെന്നാണ്‌ അറിയുന്നതെന്ന്‌ ബന്ധുക്കൾ പറഞ്ഞു. ഇത്‌ കാര്യങ്ങൾ ക‍ൂടുതൽ ദുരൂഹമാക്കുകയാണ്‌.


ദക്ഷിണാഫ്രിക്കയിൽനിന്ന്‌ കാറുകളുമായി സിംഗപ്പുരിലേക്ക് പുറപ്പെട്ട ജപ്പാനിലെ എംഒഎൽ എന്ന കമ്പനിയുടെ ചരക്കുകപ്പലായ വിക്ടോറിയസ് എയ്സിലാണ് ഷിന്റോൺ ഉണ്ടായിരുന്നത്. എംഒഎൽ കമ്പനിയിലെ ടെക് ഓഫീസർ ട്രെയിനി ആയിരുന്നു ഷിന്റോൺ.


യാത്രയ്‌ക്കിടയിൽ ഈ മാസം 12ന്‌ പുലർച്ചെയാണ്‌ ഷിന്റോണിനെ കാണാതായത്. എന്നാൽ, തലേന്ന് രാത്രി ഏറെനേരം ഷിന്റോൺ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. മാത്രമല്ല, രാത്രി മുറിയിൽ കണ്ട സഹപ്രവർത്തകരുമുണ്ട്‌. ആൾ രാവിലെ ഡ്യൂട്ടിയിൽ എത്താതെവന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കാണ്മാനില്ലെന്ന് അറിയുന്നത്.


കപ്പൽക്കമ്പനിയുടെ ചെന്നൈ ഓഫീസിൽനിന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്. കൂടുതൽ വിവരങ്ങളറിയാൻ കമ്പനിയുടെ മുംബൈ ഓഫീസുമായും ബന്ധുക്കൾ ബന്ധപ്പെട്ടെങ്കിലും ഒന്നും അറിയാനായില്ല. കപ്പൽ ഇപ്പോൾ സിംഗപ്പുർ തുറമുഖത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ കാണാതായിട്ട് ഇത്ര ദിവസമായിട്ടും അന്വേഷണം നടത്തുന്നതിനോ സഹായിക്കുന്നതിനോ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഹൈബി ഈഡൻ എംപിയും ടോണി ചമ്മണി എംഎൽഎയും ഷിന്റോണിന്റെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചതായി ബന്ധുക്കൾ പറയുന്നു. എന്നാൽ ഇവിടെ നിന്നും പ്രതികരണമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home