ad
Deshabhimani

ബം​ഗ്ലാദേശിൽ 35 വർഷത്തിന് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

Bangladesh
വെബ് ഡെസ്ക്

Published on Aug 20, 2026, 02:56 PM | 2 min read

ധാക്ക : ബം​ഗ്ലാദേശിലെ ഇരുപത്തി മൂന്നാമത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കഴിഞ്ഞ 35 വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് പ്രസിഡന്റ് പദവിയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥി മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ ആണ്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ചെയർമാനും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ നോമിനിയുമായ 84 കാരനായ റിട്ടയേഡ് കേണൽ ഒലി അഹമ്മദാണ് എതിർസ്ഥാനാർഥി.


ബം​ഗ്ലാദേശ് പാർലമെന്റിൽ തുറന്ന ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം 5 മണി വരെ 349 നിയമസഭാംഗങ്ങൾക്ക് വോട്ടു ചെയ്യാൻ അർഹതയുണ്ട്. വോട്ടെണ്ണലിനുശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിക്കുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. വെള്ളിയാഴ്ച വൈകുന്നേരം ബംഗഭബനിലെ ദർബാർ ഹാളിൽ വെച്ചാണ് നിയുക്ത പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ബംഗ്ലാദേശിലെ പാർലമെന്ററി സമ്പ്രദായത്തിൽ പ്രസിഡന്റ് പ്രധാനമായും രാഷ്ട്രത്തലവനാണ്. എന്നിരുന്നാലും പ്രധാനമന്ത്രിയെയും ചീഫ് ജസ്റ്റിസിനെയും നിയമിക്കുന്നത് പോലുള്ള പ്രധാന ഭരണഘടനാ അധികാരങ്ങൾ പ്രസിഡന്റിനുണ്ട്. സായുധ സേനകളുടെ പരമോന്നത കമാൻഡർ കൂടിയാണ് പ്രസിഡന്റ്.


മുഹമ്മദ് ഷഹാബുദ്ദീൻ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ മാസം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് അനിവാര്യമായത്. ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. നിലവിൽ പാർലമെന്റ് സ്പീക്കർ ഹാഫിസ് ഉദ്ദീൻ അഹമ്മദ് ആണ് ആക്ടിംഗ് പ്രസിഡന്റ്.


ബംഗ്ലാദേശിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് പാർലമെന്റ് അംഗങ്ങളാണ്. 1991ന് ശേഷമുള്ള ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. ഫെബ്രുവരി 12ന് നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വന്ന ബിഎൻപിക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. ഇത് ആലംഗീറിനെ മത്സരത്തിൽ സഹായിക്കും.


ബിഎൻപി ചെയർമാൻ കൂടിയായ പ്രധാനമന്ത്രി താരിഖ് റഹ്മാനാണ് പാർട്ടിയുടെ ദീർഘകാല സെക്രട്ടറി ജനറലും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ അടുത്തയാളുമായ ആലംഗീറിനെ സ്ഥാനാർഥിയായി നാമനിർദേശം ചെയ്തത്. രണ്ട് പതിറ്റാണ്ടിലേറെയായി ബിഎൻപിയുടെ പ്രമുഖ നേതാക്കളിൽ ഒരാളാണ് ആലം​ഗീർ. 2011 മുതൽ ആക്ടിംഗ് സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച അദ്ദേഹം 2016ൽ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തു. ഇടതുപക്ഷ ചായ്‌വുള്ള വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഫെബ്രുവരി 12ന് നടന്ന തെരഞ്ഞെടുപ്പിൽ ബിഎൻപി അധികാരത്തിൽ തിരിച്ചെത്തിയ ശേഷം തദ്ദേശ സ്വയംഭരണ മന്ത്രിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home