print edition കത്തിപ്പടർന്ന് സമരാവേശം

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
ന്യൂഡൽഹി : എസ്ഐആറിലൂടെ വോട്ടർപട്ടികയിൽനിന്ന് 13 കോടി പേരെ വെട്ടിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധങ്ങൾ പോലും അനുവദിക്കില്ലെന്ന പിടിവാശി തുടർന്ന് ഡൽഹി പൊലീസും കേന്ദ്രസേനകളും. വെള്ളിയാഴ്ച സിജെപിയും ഇടതുപക്ഷ വിദ്യാർഥി– യുവജന സംഘടനകളും കൊണാട്ട്പ്ലേസിൽ സംഘടിപ്പിച്ച തിരംഗാ യാത്രയും അടിച്ചമർത്താനാണ് പൊലീസും സേനയും ശ്രമിച്ചത്. ത്രിവർണ പതാക ഉയർത്തിയുള്ള ജാഥകളെ പോലും അടിച്ചൊതുക്കാനാണ് ശ്രമം.
ഗ്യാനേഷ് കുമാറിനെ ഏതുവിധേനയും സംരക്ഷിക്കുമെന്ന ഉറച്ച നിലപാടിലേക്ക് മോദി സർക്കാർ നീങ്ങിയതോടെയാണ് പൊലീസിന്റെയും സൈന്യത്തിന്റെയും അടിച്ചമർത്തലും രൂക്ഷമായി തുടങ്ങിയത്. ഡൽഹിയിൽ ഒരു പ്രതിഷേധവും അനുവദിക്കേണ്ടതില്ലെന്ന കർശന നിർദേശമാണ് അമിത് ഷാ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊലീസിന് നൽകിയിട്ടുള്ളത്.
വനിതാ പ്രക്ഷോഭകരെയടക്കം പുരുഷ പൊലീസുകാരും അർധസൈനികരും ശാരീരികമായി ഉപദ്രവിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. ഇടതുപക്ഷ എംപിമാർ അടക്കമുള്ള നേതാക്കളെയും പൊലീസ് പ്രത്യേകം ലക്ഷ്യമിടുന്നുണ്ട്.
ജന്തർമന്തർ, കൊണാട്ട്പ്ലേസ് മേഖലകളെ സമരമുക്തമാക്കാനാണ് പൊലീസ് ശ്രമം. ബാരിക്കേഡുകൾ സ്ഥാപിച്ച് ജന്തർമന്തർ മേഖല പൂർണമായും പൊലീസ് അടച്ചുകഴിഞ്ഞു. കൊണാട്ട്പ്ലേസിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്. എന്നാൽ എല്ലാ വിലക്കുകളും ലംഘിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഐസയും എഐഎസ്എഫും അടക്കമുള്ള സംഘടനകൾ മിന്നൽ സമരങ്ങൾ തുടരുന്നത് പൊലീസിന് തലവേദനയായി മാറുകയാണ്. പൊലീസിന്റെ അടിച്ചമർത്തലുകളെ കൂസാതെ ദിവസവും നൂറുക്കണക്കിന് വിദ്യാർഥി– യുവജന പ്രവർത്തകരാണ് സമരകേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
ദസറ അടക്കമുള്ള ആഘോഷദിവസങ്ങളിലേക്ക് ഡൽഹി കടക്കുമ്പോൾ അനാവശ്യ നിയന്ത്രണങ്ങൾ സൃഷ്ടിച്ചുകൊണ്ട് പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുകയാണ് പൊലീസും കേന്ദ്ര– ഡൽഹി സർക്കാരുകളും. മെട്രോ സ്റ്റേഷനുകൾ അനാവശ്യമായി അടച്ചിട്ടും പ്രധാന റോഡുകളിൽ ഗതാഗതം വിലക്കിയും കടകമ്പോളങ്ങൾ നിർബന്ധപൂർവം അടപ്പിച്ചും മറ്റുമാണ് ജനദ്രോഹ നടപടികൾ.
പ്രക്ഷോഭങ്ങളുടെ പേരിലുള്ള ഇത്തരം നിയന്ത്രണങ്ങളിലൂടെ പൊതുജന വികാരം സമരത്തിനെതിരാക്കാനും ഗൂഢനീക്കമുണ്ട്. സമരക്കാരെ അരാജകവാദികളും ദേശദ്രോഹികളും മറ്റുമായി ചിത്രീകരിക്കുന്നതിൽ മോദി അനുകൂല മാധ്യമങ്ങളും മത്സരിക്കുകയാണ്. എന്നാൽ സർക്കാരിന്റെയും ഭരണസംവിധാനങ്ങളുടെയും ഇത്തരം അടിച്ചമർത്തൽ നീക്കങ്ങളെയെല്ലാം പ്രതിരോധിച്ച് വരുംദിവസങ്ങളിലും പ്രക്ഷോഭം കടുപ്പിക്കാൻ തന്നെയാണ് വിദ്യാർഥി– യുവജന സംഘടനകളും പ്രതിപക്ഷ പാർടികളും സിജെപിയും മറ്റും ഒരുങ്ങു ന്നത്.








0 comments