print edition ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരം; വെറുതെ ഉണ്ടായതല്ല ദേശീയപാത

കണ്ണൂർ : ഭൂമി ഏറ്റെടുക്കുന്നതിനുള്ള 2013ലെ ചട്ടങ്ങൾ പിന്തുടർന്നാണ് കിഫ്ബി പണം ചെലവഴിച്ച് കിൻഫ്രയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ഭൂമി ഏറ്റെടുക്കുന്നത്. അതത് പ്രദേശത്തെ ഉയർന്നവിലയുള്ള ഭൂമിയുടെ ഇരട്ടിവില കണക്കാക്കുകയാണ് ഭൂമി ഏറ്റെടുക്കലിന്റെ പ്രാഥമിക മാനദണ്ഡം. ഗതാഗതസൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയെ തരംതിരിച്ചാണ് വിലനിർണയം.
ഇതിനൊപ്പം നഷ്ടപരിഹാരവും പ്രാഥമിക വിജ്ഞാപനം വന്നതുമുതൽ പണം നൽകുന്നതുവരെയുള്ള കാലയളവിലെ 12 ശതമാനം പലിശയും നൽകണം. ഇതെല്ലാം ചേർന്ന തുകയെയാണ് അഞ്ചിരട്ടിയെന്ന പുകമറയിൽ നിർത്തി മുഖ്യമന്ത്രി അവിശ്വാസം പരത്തുന്നത്.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തതും കേന്ദ്രം നിശ്ചയിച്ചതിനേക്കാൾ ഉയർന്നവില നൽകിയാണ്.
ഉയർന്ന ഭൂമിവിലയുടെ അടിസ്ഥാനത്തിലാണ് കേരളത്തോട് ഇൗ വിഹിതം കേന്ദ്രം ആവശ്യപ്പെട്ടത്. സ്ഥലമെടുപ്പിന് തുറന്ന ഓഫീസ് ഉമ്മൻ ചാണ്ടി സർക്കാർ പൂട്ടിയിട്ടും ദേശീയപാത വികസനം യാഥാർഥ്യമായത് സ്ഥലമെടുപ്പിനുള്ള 25 ശതമാനം തുക എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് കൈമാറിയതോടെ. 5,580 കോടി രൂപയാണ് ദേശീയപാതാ അതോറിറ്റിക്ക് കേരളം കൈമാറിയത്.
ഏറ്റെടുത്ത ഭൂമി അഞ്ചുവർഷമായി വെറുതെ ഇട്ടിരിക്കുകയാണെന്ന നുണയ്ക്കുപിന്നിൽ അജൻഡകളുണ്ട്. ഭൂമി ഏറ്റെടുക്കൽ ചിലയിടത്ത് മാത്രമാണ് പൂർത്തിയായത്. ഭൂരിഭാഗം സ്ഥലവും ഏറ്റെടുക്കലിന്റെ വിവിധ ഘട്ടത്തിലാണ്. ലാൻഡ് ബാങ്കിലേക്ക് 1,054 ഏക്കർ ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്.
കിഫ്ബി വഴി 2,018 കോടി രൂപ ചെലവഴിച്ച് മട്ടന്നൂർ ടൗണിനും വിമാനത്താവളത്തിനും മൂന്നുകിലോമീറ്റർ ചുറ്റളവിൽ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന് സ്ഥലം ഏറ്റെടുക്കുന്നുണ്ട്. ആദ്യഘട്ടം പട്ടാന്നൂർ, കീഴല്ലൂർ വില്ലേജുകളിലായി 474 ഏക്കർ 842 കോടി രൂപയ്ക്ക് ഏറ്റെടുത്തു. അഞ്ചരക്കണ്ടി, പടുവിലായി, കീഴല്ലൂർ വില്ലേജുകളിൽ 500 ഏക്കർകൂടി രണ്ടാംഘട്ടമായി ഏറ്റെടുക്കുന്നതിന് 1076 കോടി രൂപ റവന്യുവകുപ്പിന് നൽകി. ബാക്കി ഭൂമി ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇവിടെ 50 ഏക്കറിൽ സയൻസ് ആൻഡ് ഐടി പാർക്ക് നിർമാണവും തുടങ്ങി.








0 comments