Deshabhimani

print edition നേഹ ബോറയ്‌ക്ക്‌ അമിതപരിഗണന; എൻഎസ്‌യുഐക്ക്‌ പ്രതിഷേധം, വാട്‌സാപ്പ്‌ ഗ്രൂപ്പിന്റെ പേര്‌ ‘വി ദി ഛോട്ടു’ എന്നാക്കി

Neha Bora

നേഹ ബോറ

വെബ് ഡെസ്ക്

Published on Oct 18, 2026, 01:08 AM | 1 min read

ന്യൂഡൽഹി : ഐസ നേതാവ്‌ നേഹ ബോറയ്‌ക്ക്‌ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമിതപ്രാധാന്യം നൽകുന്നതിൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐക്ക്‌ പ്രതിഷേധം. എൻഎസ്‌യുഐയുടെ ഒ‍ൗദ്യോഗിക വാട്‌സാപ്പ്‌ ഗ്രൂപ്പിന്റെ പേര്‌ മൂന്നുദിവസത്തേക്ക്‌ ‘വി ദി ഛോട്ടു’ എന്ന്‌ മാറ്റി.


കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ്‌ വാട്‌സാപ്പ്‌ ഗ്രൂപ്പിന്റെ പേര്‌ പുനഃസ്ഥാപിച്ചത്‌. എൻഎസ്‌യുഐ നേതാക്കളുടെ രോഷം തണുപ്പിക്കുന്നതിനായി പ്രത്യേക യോഗവും വിളിച്ചു.


ഒക്‌ടോബർ 12ന്‌ സുപ്രീംകോടതിയിലേക്ക്‌ ഇന്ത്യ കൂട്ടായ്‌മ സംഘടിപ്പിച്ച മാർച്ചിൽ രാഹുലിനും പ്രിയങ്കയ്‌ക്കും ഒപ്പം മുൻനിരയിലായിരുന്നു നേഹയുടെ സ്ഥാനം. മുതിർന്ന നേതാക്കൾ മാത്രം കയറിയ ബസിലും നേഹയ്‌ക്ക്‌ ഇടം നൽകി. എൻഎസ്‌യുഐ പ്രസിഡന്റ്‌ വിനോദ്‌ ഝക്കർ അടക്കമുള്ള നേതാക്കളെ തഴഞ്ഞായിരുന്നു ഇ‍ൗ പ്രത്യേക പരിഗണന.


നേരത്തെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തർമന്തർ പ്രക്ഷോഭ സമയത്ത്‌ നേഹ രാഹുലുമായി കൂടിക്കാഴ്‌ച നടത്തുകയും ഇരുവരും ഒന്നിച്ച്‌ മാധ്യമങ്ങളെ കാണുകയും ചെയ്‌തിരുന്നു. നേഹയ്‌ക്ക്‌ കോൺഗ്രസ്‌ നേതൃത്വം അമിതപരിഗണന നൽകുന്നത്‌ വാട്‌സാപ്പ്‌ ഗ്രൂപ്പിൽ ചർച്ചയായി.


രാഹുലിന്റെ പരിപാടികളിലേക്ക്‌ അണികളെ എത്തിക്കുന്ന എൻഎസ്‌യുഐ നേതാക്കൾ തഴയപ്പെടുകയാണെന്ന വിമർശനവും ഉയർന്നു. പിന്നീടാണ്‌ വാട്‌സാപ്പ്‌ ഗ്രൂപ്പിന്റെ പേര്‌ മാറ്റിയത്‌. എന്നാൽ ഇതിനുശേഷവും നേഹയ്‌ക്ക്‌ കോൺഗ്രസ്‌ നേതൃത്വം നൽകുന്ന പരിഗണനയിൽ കുറവുണ്ടായില്ല. തുടർന്നാണ്‌ എൻഎസ്‌യുഐ നേതാക്കളുടെ പ്രത്യേക യോഗം ഹൈക്കമാന്റ്‌ വിളിച്ചത്‌. രാഹുൽ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിന്‌ ശേഷമാണ്‌ വാട്‌സാപ്പ്‌ ഗ്രൂപ്പിന്റെ പേര്‌ പുനഃസ്ഥാപിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home