യുജിസി-നെറ്റ് ചോദ്യപേപ്പര്‍ വിവാദം: എഐ അശാസ്ത്രീയമായി ഉപയോഗിച്ചു, എൻടിഎയ്‌ക്ക് രൂക്ഷ വിമർശനം

ന്യൂഡൽഹി : യുജിസി-നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുന്നതിലും വിവർത്തനം ചെയ്യുന്നതിലും എഐ അശാസ്ത്രീയമായി ഉപയോഗിച്ചതാണ് ചോദ്യങ്ങളിലെ വലിയ പിഴവുകൾക്ക് കാരണമായതെന്ന് റിപ്പോർട്ട്. പിഴവുകൾ കണ്ടെത്തിയിട്ടും പരീക്ഷകൾ റദ്ദാക്കാൻ ആറാഴ്ചയിലധികം കാലതാമസം വരുത്തിയ ദേശീയ പരീക്ഷാ ഏജൻസിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമുയർന്നു. . വിവാദത്തെ തുടർന്ന് ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ പരീക്ഷകൾ റദ്ദാക്കി പുതിയ പരീക്ഷ നടത്താൻ എൻടിഎ നിർബന്ധിതരായി.
പരീക്ഷാ ചോദ്യങ്ങൾ നിർമിക്കാൻ ജനറേറ്റീവ് എഐ ഉപയോഗിച്ചിട്ടില്ലെന്നാണ് എൻടിഎ ഡയറക്ടർ നൽകുന്ന വിശദീകരണം. ചോദ്യങ്ങൾ തയ്യാറാക്കിയ ശേഷം വിദഗ്ദ്ധർ പരിശോധിച്ചിരുന്നതായി അദ്ദേഹം അവകാശപ്പെട്ടെങ്കിലും, ഇത്രയും വലിയ പിഴവുകൾ എങ്ങനെ പരിശോധനയിൽ പെട്ടില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ എൻടിഎയ്ക്ക് കഴിഞ്ഞില്ല.
എൻടിഎയുമായി മുൻപ് പ്രവർത്തിച്ചിട്ടുള്ള വിഷയവിദഗ്ദ്ധരുടെ വെളിപ്പെടുത്തൽ പ്രകാരം, യുജിസി-നെറ്റ് ചോദ്യങ്ങൾ തയ്യാറാക്കുന്നതിനും നീറ്റ്-യുജി ചോദ്യങ്ങൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനും എഐ വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഏറ്റവും കൂടുതൽ വിമർശനം ഉയർന്നത് സോഷ്യോളജി പരീക്ഷയിലാണ്. ആഗോളതലത്തിൽ പ്രശസ്തരായ പണ്ഡിതന്മാരുടെ പേരുകൾ പോലും എഐ വിവർത്തനത്തിലൂടെ മോശമായി അച്ചടിച്ചു. ജോർജ്ജ് റിറ്റ്‌സർ എന്നത് "പുറ്റ്‌സർ" എന്നും, ടാൽകോട്ട് പാർസൺസ് എന്നത് "പാർസോ" എന്നും, ജിഎസ് ഗുര്യേ എന്നത് "ഗുന്യേ" എന്നും ചോദ്യപ്പേപ്പറിൽ തെറ്റായി നൽകി. സിലബസുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിലായിരുന്നു ചോദ്യങ്ങൾ നൽകിയിരുന്നതെന്നും ഉദ്യോഗോഗാർഥികൾ പരാതിപ്പെട്ടു.
ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളിൽ മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ വലിയ തോതിൽ ആവർത്തിച്ചതാണ് വിവാദമായത്. ഇംഗ്ലീഷ് വിഷയത്തിലെ 150 ചോദ്യങ്ങളിൽ 67 ഓളം ചോദ്യങ്ങളും, ഉത്തരം തെരഞ്ഞെടുക്കേണ്ട ഓപ്ഷനുകളുടെ ക്രമവും മുൻ പരീക്ഷയിൽ നിന്നുള്ളവയായിരുന്നു. ജൂലൈ അവസാനത്തോടെയോ ആഗസ്ത് ആദ്യവാരത്തിലോ തന്നെ ഈ പരീക്ഷകൾ റദ്ദാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും ആറാഴ്ചയോളം സമയം വൈകിപ്പിച്ച ശേഷമാണ് എൻടിഎ പരീക്ഷകൾ റദ്ദാക്കാൻ തയ്യാറായത്. ഉന്നത വിദ്യാഭ്യാസ അധ്യാപനത്തിനും ഗവേഷണത്തിനും യോഗ്യത നിർണ്ണയിക്കുന്ന പരീക്ഷയിൽ യന്ത്രങ്ങളുടെ അമിതോപയോഗവും പരിശോധനയില്ലായ്മയും പരീക്ഷാ ഏജൻസിയുടെ വിശ്വസ്തതയെത്തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്.









0 comments