താമസ്ഥലത്ത് തീപിടുത്തം: ബഹ്‌റൈനില്‍ യുവതിയും 3 മക്കളും മരിച്ചു

Representative Image | AI
മനാമ: ബഹ്‌റൈനിലെ റാംലി ഭവന സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഇരുത്തിയേഴുകാരിയും മൂന്ന് കുട്ടികളും മരിച്ചു. യുവതിക്കുപുറമേ അഞ്ച്, മൂന്ന്, ഒന്ന് വയസ്സിലുള്ള മക്കളാണ് മരിച്ചത്.
ബ്ലോക്ക് 714ലെ താമസ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫ്‌ളാറ്റ് നമ്പര്‍ 14ൽ ആണ് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിലുള്ളവരെ ഒഴിപ്പിക്കുകയും ചെയ്‌തു. അപകടസമയത്ത് വീട്ടിലില്ലായിരുന്ന യുവതിയുടെ ഭര്‍ത്താവ് ഹസന്‍ അബ്‌ദുള്‍ അലി മടങ്ങിയെത്തിയപ്പോഴാണ് അപകടവിവരം അറിഞ്ഞത്.
അപകടത്തെ തുടര്‍ന്ന് സമീപത്തെ താമസക്കാരെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായും നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ അപകടസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെത്തി മൃതദേഹങ്ങളും പരിശോധിച്ചു. പുക ശ്വാസിച്ച് ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ഉത്തരവിട്ട പ്രോസിക്യൂഷന്‍, തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ സാങ്കേതിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ ഡിഫന്‍സിനോട് ആവശ്യപ്പെട്ടു. അന്വേഷണം പൂര്‍ത്തിയാകുംവരെ ഫ്‌ളാറ്റ് കരുതല്‍ കസ്റ്റഡിയില്‍ തുടരും. അപകടത്തിൽ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അനുശോചനം അറിയിച്ചു.










0 comments