ജിദ്ദ നവോദയ യുവജന വേദി "യുവപ്രതീക്ഷ’

ജിദ്ദ : ജിദ്ദ നവോദയ യുവജനവേദിയുടെ സ്വാതന്ത്ര്യദിനാഘോഷം ‘യുവപ്രതീക്ഷ 2026’ എന്ന പേരിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ നടത്തുന്ന പരിപാടികളുടെ തുടർച്ചയായാണ് ജിദ്ദയിലും പരിപാടി സംഘടിപ്പിച്ചത്. നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് ആശയങ്ങൾക്ക് കീഴടങ്ങുന്ന സമീപനമാണ് സംസ്ഥാനത്തെ വി ഡി സതീശൻ സർക്കാരിന്റേതെന്ന് കിസ്മത്ത് മമ്പാട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ക്ഷേമ പെൻഷനുകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയും പ്രവാസി പെൻഷൻ മുടക്കിയും ലൈഫ് മിഷൻ പദ്ധതി തകർത്തും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുവജനവേദി കേന്ദ്ര കൺവീനർ ലാലു വേങ്ങൂർ അധ്യക്ഷനായി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടന്ന യുവജന വിദ്യാർഥി സമരവും കർഷക പ്രക്ഷോഭവും വിജയകരമാക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നേതൃപരമായ പങ്കുവഹിക്കാൻ സാധിച്ചുവെന്നത് പോരാട്ടങ്ങൾക്ക് പുതിയ കരുത്തുപകരുന്ന കാര്യമാണെന്ന് ലാലു പറഞ്ഞു.
നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി എം അബ്ദുറഹ്മാൻ, രക്ഷാധികാരി സമിതിയംഗം അബ്ദുള്ള മുല്ലപ്പള്ളി, മക്ക ഏരിയ യുവജനവേദി കൺവീനർ ഫൈസൽ എന്നിവർ സംസാരിച്ചു. ഖാലിദ് ബിൻ വലീദ് ഏരിയ യുവജനവേദി കൺവീനർ ഷഫീഖ് പള്ളത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഫ ഏരിയ യുവജനവേദി കൺവീനർ ഫുളൈൽ വളപുരം സ്വാഗതവും കാർ ഹറാജ് ഏരിയ യുവജനവേദി കൺവീനർ റഫീഖ് പുലാമന്തോൾ നന്ദിയും പറഞ്ഞു.










0 comments