രജനികാന്തിന്റെ 'ജയിലർ 2' കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ; ഒപ്പം ഇന്ത്യൻ താരങ്ങളും

തിരുവനന്തപുരം: 'ജയിലർ 2' കാണാൻ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്ത് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പുറമെ ഇന്ത്യൻ ടീമിലെ സഹതാരങ്ങളെയും സഞ്ജു സിനിമ കാണാൻ ക്ഷണിച്ചിട്ടുണ്ട്. ഡൽഹിയിലെ ഒരു പരിപാടി കാരണം ആദ്യ ദിവസം സിനിമ കാണാൻ സാധിച്ചില്ലെന്നും, രജനി സാറിന്റെ സിനിമകൾ ആദ്യ ദിവസം തന്നെ കാണാൻ ശ്രമിക്കാറുണ്ടെന്നും സഞ്ജു പറഞ്ഞു.
തീയേറ്റർ മുഴുവൻ ബുക്ക് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, ബിഗ് സ്ക്രീനിൽ തലൈവറെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ് സംസാരിക്കാൻ അറിയാവുന്ന ടീമിലെ അംഗങ്ങളും സപ്പോർട്ട് സ്റ്റാഫും തന്നോടൊപ്പം സിനിമ കാണാൻ എത്തുന്നുണ്ടെന്നും സഞ്ജു വ്യക്തമാക്കി.
രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ കേരളത്തിലെ തീയേറ്ററുകളിൽ വൻ പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. റിലീസ് ദിനത്തിൽ കേരളത്തിൽ ഏകദേശം 4,000 പ്രദർശനങ്ങൾ നടന്ന ചിത്രത്തിന് 1,600 ഓളം ഹൗസ്ഫുൾ ഷോകളാണ് ലഭിച്ചത്. കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന ആദ്യദിന ഗ്രോസ് നേടുന്ന അന്യഭാഷാ ചിത്രമെന്ന റെക്കോഡും ചിത്രം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. വിജയ് ചിത്രം ‘ലിയോ’ നേടിയ 12 കോടി രൂപയുടെ ആദ്യദിന കളക്ഷനാണ് ‘ജയിലർ 2’ മറികടന്നത്.
റിലീസിന് മുമ്പ് കേരളത്തിൽ ഏകദേശം എട്ട് കോടി രൂപയുടെ പ്രീസെയിൽസ് നേടിയ ചിത്രം, റിലീസിന് ശേഷവും ബുക്കിങ്ങിൽ മുന്നേറ്റം തുടരുകയാണ്. ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായും ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോയിൽ മോസ്റ്റ് ഹൈപ്പ്ഡ് ബാഡ്ജോടെയും എത്തിയ ചിത്രത്തിന് രണ്ടാം ദിനവും നിരവധി ഹൗസ്ഫുൾ ഷോകൾ ലഭിക്കുന്നുണ്ട്. കേരളത്തിലെ 800 സ്ക്രീനുകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. റിലീസ് ദിനത്തിൽ ചില തീയേറ്ററുകളിൽ 24 മണിക്കൂർ മാരത്തൺ ഷോകളും ഉണ്ടായിരുന്നു.
രജനീകാന്തിനൊപ്പം മോഹൻലാൽ എത്തുന്നതും ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന വലിയ സ്വീകരണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. ജയിലർ ആദ്യഭാഗത്തിന്റെ വിജയത്തിനു ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും ഹൃത്വിക് റോഷനും അതിഥി വേഷങ്ങളിലെത്തുന്നു. സുരാജ് വെഞ്ഞാറമൂട്, എസ്ജെ സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ, ജാക്കി ഷെറോഫ്, നമോ നാരായണൻ, കോട്ടയം നസീർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനശൈലി, ആക്ഷൻ രംഗങ്ങൾ, ബ്ലാക്ക് ഹ്യൂമർ, അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം, പശ്ചാത്തലസംഗീതം എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ. സൺ പിക്ചേഴ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് വിതരണം നിർവഹിച്ചത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ വിതരണ പങ്കാളി.








0 comments