സമൂഹമാധ്യമങ്ങളിൽ 'സ്ത്രീ'യായി ചമഞ്ഞ് തട്ടിപ്പ്: കൈക്കലാക്കിയത് 25 ലക്ഷം രൂപ; പ്രതി പിടിയില്‍

Photo: NDTV
ഹൈദരാബാദ്: സമൂഹമാധ്യമങ്ങളിൽ സ്ത്രീയായി വേഷം കെട്ടി ഹണിട്രാപ്പും ഓൺലൈൻ വഴി പണതട്ടിപ്പും നടത്തിയ സംഭവത്തിൽ 23 കാരൻ അറസ്റ്റിൽ. കുകത്പള്ളി സ്വദേശിയും ഭദ്രാദ്രി കോത്തഗുഡെം ജില്ലക്കാരനുമായ കൊണ്ടഭട്ടുല പവൻ കുമാറാണ് പിടിയിലായത്. കൊൽക്കത്ത സ്വദേശിനിയായ സ്ത്രീയുടെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി ഇയാൾ 13 ഓളം ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും 14 ഫേസ്ബുക്ക് അക്കൗണ്ടുകളാണ് സൃഷ്ടിച്ചിരുന്നത്.
അക്കൗണ്ട് വഴി ആളുകളുമായി സംസാരിക്കുകയും സൗഹൃദം സ്ഥാപിച്ച ശേഷം ലൈംഗികമായി സംസാരിക്കുകയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ശേഖരിക്കുകയും അതുവഴി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇയാളുടെ പതിവു രീതി. ഇതുവരെ 82 ഓളം പുരുഷന്മാരാണ് ഇയാളുടെ തട്ടിപ്പിനിരയായതെന്നാണ് വിവരം. മൂന്ന് മുതൽ നാല് വർഷത്തിനിടെ വ്യാജ പ്രൊഫൈലുകളിലൂടെ ആയിരത്തിലധികം പേരുമായി പ്രതി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരകളിൽ ഡോക്ടർമാർ, ബിസിനസുകാർ, അധ്യാപകർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ, ഡെലിവറി ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെടുന്നു. പ്രതിയുടെ ഡിപ്ലോമ പഠനകാലത്തെ സുഹൃത്തിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇരകളിൽ വിദേശികളും ഉൾപ്പെട്ടതായാണ് വിവരം. പ്രതിയിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും ഒരു ലാപ്‌ടോപ്പും പെൻഡ്രൈവും അന്വേഷണസംഘം പിടിച്ചെടുത്തു. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകളും മൂന്ന് ബാങ്ക് അക്കൗണ്ടുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.








0 comments