സ്വപ്നയാത്രയ്ക്കായി ജോലി ഉപേക്ഷിച്ചു; രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും മനംമാറ്റം

സിഡ്നി: ആറുമാസം യൂറോപ്പിൽ ചുറ്റിക്കറങ്ങണം. പുതിയ രാജ്യങ്ങൾ കാണണം, വ്യത്യസ്ത ജീവിതരീതികൾ അടുത്തറിയണം. ജോലിയുടെ തിരക്കുകളിൽനിന്ന് മാറി കുറച്ചുകാലം സ്വന്തം ഇഷ്ടങ്ങൾക്ക് പിന്നാലെ നടക്കണം. ഈ സ്വപ്നങ്ങൾക്കുവേണ്ടിയാണ് ഓസ്ട്രേലിയക്കാരിയായ 28 വയസ്സുകാരി മികച്ച കരിയർ പോലും വേണ്ടെന്നുവച്ചത്. എന്നാൽ യാത്ര തുടങ്ങി വെറും രണ്ടാഴ്ച പിന്നിട്ടപ്പോൾ എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയാലോ എന്ന ചിന്തയിലാണ് യുവതി.
അഞ്ചുവർഷമായി ധനകാര്യ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു യുവതി. മികച്ച കരിയറും മുന്നോട്ടുപോകാനുള്ള അവസരങ്ങളുമുണ്ടായിരുന്നു. എന്നാൽ ജോലിത്തിരക്കുകളും സമ്മർദങ്ങളും പതിയെ മടുപ്പിച്ചുതുടങ്ങി. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ കൂടുന്നതിനുമുമ്പ് ലോകം കാണാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് തോന്നിയതോടെയാണ് ജോലി രാജിവച്ചത്. അങ്ങനെ ആറുമാസത്തെ യൂറോപ്യൻ യാത്രയ്ക്ക് ഒറ്റയ്ക്ക് പുറപ്പെട്ടു.
പക്ഷേ, സമൂഹമാധ്യമങ്ങളിൽ കാണുന്ന മനോഹരമായ യാത്രാചിത്രങ്ങൾ പോലെയായിരുന്നില്ല യാഥാർഥ്യം. ആദ്യ ആഴ്ച ഓസ്ട്രിയയിലെ വിയന്നയിലായിരുന്നു. സ്വന്തം നാട്ടുകാരെ അപേക്ഷിച്ച് അവിടെയുള്ളവർ സൗഹൃദപരമായി ഇടപെടുന്നില്ലെന്നും അകലം പാലിക്കുന്നതായുമാണ് യുവതിക്ക് അനുഭവപ്പെട്ടത്. പിന്നീട് ഇറ്റലിയിലെ റോമിലെത്തിയപ്പോഴും നിരാശ മാറിയില്ല. ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് റോം വൃത്തിഹീനവും സുരക്ഷിതത്വം കുറവുള്ളതുമായി തോന്നിയെന്ന് യുവതി പറയുന്നു.
നാട്ടിലായിരുന്നപ്പോൾ വലിയ കാര്യമാക്കാതിരുന്ന പലതും ഇപ്പോൾ വല്ലാതെ ഓർമവരുന്നുണ്ട്. ആളുകളുടെ സൗഹൃദപരമായ പെരുമാറ്റം, നല്ല കാപ്പി, സുഖകരമായ കാലാവസ്ഥ, സുരക്ഷിതമായ അന്തരീക്ഷം തുടങ്ങി ഓസ്ട്രേലിയൻ ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾക്കുപോലും വിദേശയാത്രയ്ക്കിടയിൽ വലിയ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞു.
'ആറുമാസത്തെ യൂറോപ്യൻ യാത്രയുടെ രണ്ടാം ആഴ്ചയിലാണ് ഞാൻ. ഒരു മാസം മുമ്പാണ് ജോലി രാജിവച്ചത്. ധനകാര്യ മേഖലയിൽ അഞ്ചുവർഷത്തെ അനുഭവസമ്പത്തും നല്ലൊരു കരിയറുമുണ്ടായിരുന്നു. ഉത്തരവാദിത്വങ്ങൾ കുറവായിരിക്കുമ്പോൾ യാത്ര ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന ചിന്തയാണ് എല്ലാം ഉപേക്ഷിച്ച് ഇറങ്ങാൻ പ്രേരിപ്പിച്ചത്. എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും വീട്ടിലേക്ക് മടങ്ങാൻ തോന്നുന്നു' – റെഡ്ഡിറ്റിലെ സോളോ ട്രാവൽ കൂട്ടായ്മയിൽ യുവതി കുറിച്ചു.
ഈ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. യുവതിയെ ആശ്വസിപ്പിച്ചും സ്വന്തം യാത്രാനുഭവങ്ങൾ പങ്കുവച്ചും നിരവധി പേർ രംഗത്തെത്തി.
പുതിയ രാജ്യവും സംസ്കാരവും ജീവിതരീതിയും പരിചയപ്പെടുമ്പോൾ തുടക്കത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും കുറച്ചുകൂടി സമയം നൽകണമെന്നുമായിരുന്നു പലരുടെയും അഭിപ്രായം. വിദേശത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ തനിക്കും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാൽ വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തെ മാറ്റിമറിച്ച അനുഭവങ്ങളായാണ് ആ യാത്രകൾ തോന്നുന്നതെന്നും ഒരാൾ കുറിച്ചു.
യാത്ര പാതിവഴിയിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതിൽ പിന്നീട് ഖേദിച്ച അനുഭവവും മറ്റൊരാൾ പങ്കുവച്ചു. ആറുമാസത്തെ യാത്രയിൽ രണ്ടാഴ്ച മാത്രമാണ് പിന്നിട്ടതെന്നും ഇപ്പോഴത്തെ നിരാശയുടെ പേരിൽ എടുത്തുചാടി തീരുമാനമെടുക്കരുതെന്നും നിരവധി പേർ ഉപദേശിച്ചു.
അതേസമയം, ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ ഇത്രയും ദൈർഘ്യമുള്ള വിദേശയാത്രകൾ തെരഞ്ഞെടുക്കുന്നതിനെ ചിലർ ചോദ്യംചെയ്തു. ചെറിയ യാത്രകളിലൂടെ അനുഭവസമ്പത്ത് നേടിയശേഷം ദീർഘയാത്രകൾ ആസൂത്രണം ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു അവരുടെ അഭിപ്രായം.








0 comments