ഫാസിസത്തിന്റെ അന്ത്യം വിദൂരമല്ല; യുവാക്കൾ പ്രതീക്ഷയാണ്: പ്രകാശ് രാജ്

ഡിവൈഎഫ്ഐ 16-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രകാശ് രാജ് സംസാരിക്കുന്നു
തൃശൂർ: രാജ്യത്തെ യുവതലമുറ പ്രതീക്ഷ നൽകുന്നതെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പറഞ്ഞു. യുവജനങ്ങൾ എല്ലാം കേൾക്കുന്നു അവർ ചോദ്യം ചെയ്യുന്നു. അവരിലാണ് പ്രതീക്ഷ.- തൃശൂരിൽ ഡിവൈഎഫ്ഐ 16-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിവൈഎഫ്ഐയുമായി തനിക്ക് ദീർഘനാളത്തെ ബന്ധമുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു. 2018ൽ കൊൽക്കത്തയിൽ ഡിവൈഎഫ്ഐ സമ്മേളനം ഉദ്ഘാടനം ചെയ്യാനും അവസരമുണ്ടായി. ഇത്തവണ എത്തുമ്പോൾ കൂടുതൽ ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ട്.
ജന്തർ മന്തറിൽ അത് നേരിട്ട് കണ്ടതാണ്. യുവാക്കളുടെ ചെറുത്തുനിൽപ്പാണ് പലരെയും റീൽ സ് ചെയ്യാൻ പ്രേരിപ്പിച്ചത്. ഒടുവിൽ രാജ്യത്തെ ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്ന് അവർക്ക് സമ്മതിക്കേണ്ടിവന്നു. എന്നാൽ യുവാക്കൾ ഈ വേട്ടക്കാരെ പേടിക്കുന്നില്ല.
രാജ്യത്ത് നിരവധി സമരങ്ങൾ നടന്നു. എന്നാൽ വിദ്യാർഥി പ്രക്ഷോഭം വേറിട്ടുനിന്നു. അവർക്ക് ഒന്നു നഷ്ടപ്പെടാനില്ല. ജന്തർ മന്തറിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾ ഒത്തുകൂടിയപ്പോൾ പാർലമെന്റ് നടുങ്ങി. അവർ ശാന്തമായി സമരം ചെയ്തു, എന്നാൽ ഭരണകൂടം അവരെ ആക്രമിച്ചു.
ഇപ്പോൾ ഉറപ്പാണ്, ഫാസിസത്തിന്റെ അന്ത്യം വിദൂരമല്ല. അവരുടെ കൈയിൽ തോക്കുണ്ടാകാം, പക്ഷെ ഇന്നത്തെ ആയുധം സോഷ്യൽ മീഡിയയാണ്. അത് ഇവിടുത്തെ യുവാക്കളുടെ കൈയിലുണ്ട്. വിദ്യാർഥികൾക്ക് മാത്രമല്ല, അവരുടെ മാതാപിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ആശങ്കയുണ്ട്. ഈ പോരാട്ടം അവസാനിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിലാണ് പ്രതിനിധി സമ്മേളനം. 51,93,881 അംഗങ്ങളുടെ പ്രതിനിധികളായി 590 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ്‌കുമാർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.










0 comments