ഇന്ത്യ–ലങ്ക വനിതാ ട്വന്റി20 പരന്പരയിലെ മൂന്ന് കളികൾക്ക് വേദി , മത്സരം 26, 28, 30 തീയതികളിൽ
print edition കാര്യവട്ടത്ത് ട്വന്റി 20 പൂരം

എസ് കിരൺബാബു
Published on Dec 22, 2025, 03:30 AM | 1 min read
തിരുവനന്തപുരം
ലോക ജേതാക്കളെ കാത്ത് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം. വനിതാ ഏകദിന ക്രിക്കറ്റ് ലോക ചാന്പ്യൻമാരായ ഇന്ത്യയുടെ മൂന്ന് മത്സരങ്ങൾ കാര്യവട്ടത്ത് നടക്കും. ശ്രീലങ്കയുമായുള്ള ട്വന്റി20 പരന്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കാണ് വേദിയാകുക. വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസം പരന്പരയിലെ ആദ്യ മത്സരം അരങ്ങേറി. രണ്ടാം കളിയുടെയും വേദി വിശാഖപട്ടണമാണ്.
കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കുള്ള ക്രിസ്മസ് പുതുവത്സര സമ്മാനമായി മൂന്ന് മത്സരങ്ങൾ. ജനുവരിയിൽ ഇന്ത്യൻ പുരുഷ ടീമിന്റെ ട്വന്റി 20 മത്സരവും നടക്കും. ജനുവരി 30-ന് ന്യൂസിലൻഡിനെതിരേയാണ് ഇന്ത്യയുടെ മത്സരം. ആദ്യമായാണ് ഇത്രയും മത്സരങ്ങൾ ഒന്നിച്ച് കാര്യവട്ടത്ത് എത്തുന്നത്.
26, 28, 30 തീയതികളിലായാണ് ഇന്ത്യ -ശ്രീലങ്ക വനിതാ ട്വന്റി 20 മത്സരങ്ങൾ.ഹർമൻപ്രീത് കൗറും സംഘവും 24 ന് തലസ്ഥാനത്ത് എത്തും. ക്രിസ്മസ് പുതുവർഷ സമ്മാനമായി സ്ത്രീകൾക്കും വിദ്യാർഥികൾക്കും ക്ലബുകൾക്കും ടിക്കറ്റിന് 50 ശതമാനം ഇളവ് നൽകും. ടിക്കറ്റ് നിരക്ക് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്നും മിതമായ നിരക്ക് മാത്രമേ ഈടാക്കൂയെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.
വനിതാ ലോകകപ്പ് ക്രിക്കറ്റിന് ഗ്രീൻഫീൽഡ് സ്‌റ്റേഡിയം വേദിയാകുമെന്ന ചർച്ചയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം നവി മുംബൈയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പിനൊരുങ്ങുകയാണ് ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ.
സഞ്‌ജു സാംസൺ ഉൾപ്പെടുന്ന ഇന്ത്യൻ പുരുഷ ടീം ലോകകപ്പിന് മുന്നോടിയായുള്ള അവസാന മത്സരത്തിനാണ് തിരുവനന്തപുരത്ത് എത്തുക. ഏപ്രിലിൽ കാര്യവട്ടം ഇന്ത്യയുടെ ഒരു ഏകദിന മത്സരത്തിന് വേദിയാകുമെന്നും ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.
അരലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗ്രീൻഫീൽഡ് സ്‌റ്റേഡിയം അത്യാധുനിക സൗകര്യങ്ങളോടെ ഇൗ വർഷം പുതുക്കിയിരുന്നു. 2023 നവംബറിലായിരുന്നു അവസാന രാജ്യാന്തര മത്സരം. ട്വന്റി 20 യിൽ ഇന്ത്യ ഓസ്ട്രേലിയയെ ഇന്ത്യ 44 റണ്ണിന് തോൽപ്പിച്ചു. ഏകദിന ലോകകപ്പിന്റെ പരിശീലനമത്സരങ്ങൾക്കും വേദിയായി.










0 comments