ഏഴാം രാജ്യാന്തര മത്സരത്തിന് ഗ്രീൻഫീൽഡ് ഒരുങ്ങുന്നു , ന്യൂസിലൻഡിനെതിരെ അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ അവസാനത്തേതിന് വേദിയാകുന്നു

ഗ്രീൻഫീൽഡിൽ വീണ്ടും കളിയാരവം ; ഇന്ത്യ–ന്യൂസിലൻഡ് ട്വന്റി 20 ജനുവരി 31ന്

t20
avatar
എസ് കിരൺബാബു

Published on Jun 16, 2025, 12:00 AM | 1 min read


തിരുവനന്തപുരം

ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള ട്വന്റി20 മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുക. ജനുവരി 31നാണ് മത്സരം. 21നാണ് അഞ്ച് മത്സര പരമ്പരയ്ക്ക് തുടക്കമാവുന്നത്. നാഗ്പുരിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 23ന് റായ്--പുരിലും മൂന്നാം മത്സരം 25ന് ഗുവാഹത്തിയിലും നടക്കും. 28ന് വിശാഖപട്ടണത്താണ് നാലാം മത്സരം. അവസാന കളിക്കാണ് ഗ്രീൻഫീൽഡ് വേദിയാകുക.


ഏപ്രിലിൽ കാര്യവട്ടം ഇന്ത്യയുടെ ഒരു ഏകദിന മത്സരത്തിന് വേദിയാകുമെന്നും ബിസിസിഐ, കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ഗ്രീൻഫീൽഡിൽ കെസിഎയുടെ കേരള ക്രിക്കറ്റ് ലീഗ് ട്വന്റി20 മത്സരങ്ങൾ ആഗസ്‌തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് സെപ്തംബർ അവസാനത്തോടെ പൂർത്തിയാകും.

മലയാളി താരം സഞ്--ജു സാംസൺ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ഭാഗമാണ്. സഞ്--ജുവിന്റെ കളി കാണാൻ ആരാധകർക്ക് അവസരമുണ്ടാകുമെന്ന സവിശേഷതയും ഇത്തവണയുണ്ട്. ഓപ്പണറായാണ് വിക്കറ്റ് കീപ്പർ ബാറ്റർ കളിക്കുന്നത്.


മത്സരത്തിനായുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. 18 കോടി മുടക്കി പുതിയ എൽഇഡി ഫ്‌ളഡ്‌ലിറ്റ് സംവിധാനവും ഒരുക്കും. 2023 നവംബറിൽ ഇവിടെ അവസാനമായി നടന്നത് ഓസ്ട്രേലിയ–-ഇന്ത്യ ട്വന്റി20 മത്സരമാണ്. അന്ന് ഓസ്ട്രേലിയയെ ഇന്ത്യ 44 റണ്ണിന് പരാജയപ്പെടുത്തിയിരുന്നു. അതിനുശേഷം ഏകദിന ലോകകപ്പിന്റെ ഭാഗമായ പരിശീലന മത്സരങ്ങളും അരങ്ങേറി. ആകെ ആറ്‌ രാജ്യാന്തര മത്സരങ്ങൾ ഇതുവരെ നടന്നു. നാല്‌ ട്വന്റി 20യും രണ്ട്‌ ഏകദിനവും.

നേരത്തെ ബിസിസിഐ സമർപ്പിച്ച പ്രാഥമിക പട്ടികയിൽ സെപ്തംബറിലെ വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയായി കാര്യവട്ടത്തെ നിശ്ചയിച്ചെങ്കിലും അവസാനഘട്ടത്തിൽ പിന്തള്ളപ്പെട്ടു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ സംരക്ഷണം 2015മുതൽ കെസിഎയ്‌ക്കാണ്. ഇതിന് കെസിഎ സ്റ്റേഡിയം നടത്തിപ്പുകാരുമായി 2027വരെ കരാറുണ്ടാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home