റണ്ണൗട്ട് ! വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം വേദിയാകില്ല


Sports Desk
Published on Aug 23, 2025, 01:00 AM | 2 min read
തിരുവനന്തപുരം
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് സ്‌റ്റേഡിയം വേദിയാകില്ല. അവസാന നിമിഷം ഒഴിവാക്കിയതോടെ കേരളത്തിലെ ക്രിക്കറ്റ് ആരാധകർ നിരാശരായി. സുരക്ഷാ കാരണങ്ങളാൽ ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടക്കേണ്ട മത്സരങ്ങൾ മാറ്റിയപ്പോൾ പകരം വേദിയായി തിരുവനന്തപുരത്തെ പരിഗണിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നു. ലോകകപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇടിത്തീപോലെ അന്തിമ അറിയിപ്പ് വന്നത്.
തിരുവനന്തപുരത്തിന് പകരം നവി മുംബൈ ഡിവൈ പാട്ടീൽ സ്‌റ്റേഡിയമാണ് പരിഗണിച്ചത്. മൂന്ന് ലീഗ് മത്സരങ്ങളും ഒരു സെമിയും ഫൈനലും ഇവിടെ നടക്കും. പാകിസ്ഥാൻ ഫൈനലിലെത്തിയാൽ ശ്രീലങ്കയിലെ കൊളംബോയായിരിക്കും വേദി. സെപ്‌തംബർ 30 മുതൽ നവംബർ രണ്ടുവരെയാണ് ലോകകപ്പ്. ഇന്ത്യയും ശ്രീലങ്കയുമാണ് സംയുക്ത ആതിഥേയർ. നവി മുംബൈയ്‌ക്ക് പുറമേ ഗുവാഹത്തി, വിശാഖപട്ടണം, ഇൻഡോർ, കൊളംബോ എന്നിവയാണ് വേദികൾ.
മറ്റ് വേദികളിൽനിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇല്ലെന്ന കാരണം പറഞ്ഞാണ് മത്സരങ്ങൾ മുംബൈയിലേക്ക് മാറ്റിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. അരലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗ്രീൻഫീൽഡ് സ്‌റ്റേഡിയം അത്യാധുനിക സൗകര്യങ്ങളോടെ ഇൗ വർഷം പുതുക്കിയിരുന്നു. ഇപ്പോൾ പുരോഗമിക്കുന്ന കേരള ക്രിക്കറ്റ് ലീഗിനായി(കെസിഎൽ) പുതിയ എൽഇഡി ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിച്ചു. ഇതോടെ രാത്രിമത്സരങ്ങൾ കൂടുതൽ മിഴിവോടെയും വ്യക്തതയോടെയും നടത്താനായി. സെപ്‌തംബർ ഏഴിന് കെസിഎൽ കഴിഞ്ഞാൽ ലോകകപ്പിന് ഒരുങ്ങാനാണ് തീരുമാനിച്ചിരുന്നത്.
സെപ്‌തംബർ 30ന് ഇന്ത്യ–ശ്രീലങ്ക ഉദ്‌ഘാടന മത്സരം ഗുവാഹത്തിയിലാണ്. നേരത്തെ ബംഗളൂരാണ് നിശ്‌ചയിച്ചിരുന്നത്. ഒക്‌ടോബർ 20ന് ലങ്കയും ബംഗ്ലാദേശും തമ്മിലുള്ള കളിയാണ് നവി മുംബൈയിൽ ആദ്യത്തേത്. 23ന് ഇന്ത്യ–ന്യൂസിലൻഡ്, 26ന് ഇന്ത്യ –ബംഗ്ലാദേശ് മത്സരങ്ങളും ഇവിടെ നടക്കും. ഒക്‌ടോബർ 30ന് രണ്ടാം സെമിക്കും നവംബർ രണ്ടിന് ഫൈനലിനും നവി മുംബൈ വേദിയൊരുക്കും.
ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് സർക്കാർ അനുമതിയില്ല. ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഹ്‌ളാദത്തിനിടെയുണ്ടായ ദുരന്തമാണ് തിരിച്ചടിയായത്.
ആറ് രാജ്യാന്തര മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയായിട്ടുണ്ട്. രണ്ട് ഏകദിനവും നാല് ട്വന്റി20യും. അവസാന മത്സരം രണ്ട്‌വർഷം മുമ്പാണ്. ഇന്ത്യൻ പര്യടനത്തിനെത്തുന്ന ന്യൂസിലൻഡ് ടീം അടുത്തവർഷം ജനുവരി 31ന് ഇൗ വേദിയിൽ ട്വന്റി20 മത്സരം കളിക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളിൽ അവസാനത്തോണ് ഇവിടെ നടക്കുക.









0 comments