ഹൈദരാബാദിനെ സിറാജ് പൂട്ടി

ഹൈദരാബാദ്: ഐപിഎൽ ക്രിക്കറ്റിൽ കൂറ്റൻ അടിക്കാരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഗുജറാത്ത് ടൈറ്റൻസ് ബൗളർമാർ തളച്ചു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് 20 ഓവറിൽ നേടിയത് എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 152 റൺ. പേസർ മുഹമ്മദ് സിറാജ് നാല് ഓവറിൽ 17 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. 31 റണ്ണെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ഉയർന്ന സ്‌കോറുകാരൻ. അവസാന ഓവറിൽ ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് (9 പന്തിൽ 22) നടത്തിയ വമ്പനടികളാണ് സ്‌കോർ 150 കടത്തിയത്.
പുതിയ പന്തിൽ ഓപ്പണർമാരായ ട്രാവിസ് ഹെഡ്ഡിനെയും(8) അഭിഷേക് ശർമയെയും(18) പുറത്താക്കി സിറാജ് നൽകിയ ആഘാതത്തിൽനിന്നും ഹൈദരാബാദിന് കരകയറാനായില്ല. പിടിച്ചുനിൽക്കാൻ ശ്രമിച്ച അനികേത് വർമയെയും(18) സിമർജീത് സിങ്ങിനെയും(0) രണ്ടാംവരവിൽ പുറത്താക്കി. ഇഷാൻ കിഷനും(17) ഹെൻറിച്ച് ക്ലാസെനും(27) വലിയ സ്‌കോർ സാധ്യമായില്ല. പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും സായ് കിഷോറിനും രണ്ട് വിക്കറ്റ് വീതമുണ്ട്. ഇശാന്ത് ശർമയുടെ അവസാന ഓവറിൽ കമ്മിൻസും മുഹമ്മദ് ഷമിയും ചേർന്ന് 17 റണ്ണടിച്ചു.









0 comments