print edition ഐപിഎൽ ഒന്നാം ക്വാളിഫയർ ഇന്ന് ബംഗളൂരു x ഗുജറാത്ത്; കോഹ്‌ലിപ്പടയോ ഗിൽകൂട്ടമോ

വിരാട് കോഹ്--ലി (വലത്ത്) ഉൾപ്പെടെയുള്ള ബംഗളൂരു താരങ്ങൾ പരിശീലനത്തിനിടെ വിശ്രമത്തിൽ
ധർമശാല: ഐപിഎൽ ക്രിക്കറ്റിന്റെ ഒന്നാം ക്വാളിഫയറിൽ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മുൻ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇന്ന് രാത്രി 7.30ന് ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിലാണ് കളി.
ജയിക്കുന്നവർ ഫൈനലിലേക്ക് മുന്നേറും. തോറ്റവർക്ക് ഫൈനലിലെത്താൻ വീണ്ടും അവസരമുണ്ട്. എലിമിനേറ്റർ ജയിക്കുന്ന ടീമുമായി കളിക്കാം. നാളെ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.
ഇരുടീമുകൾക്കും 14 കളിയിൽ 18 പോയിന്റാണ്. ഒമ്പത് ജയവും അഞ്ച് തോൽവിയും. റൺനിരക്കിലാണ് ബംഗളൂരു ഒന്നാമതായത്. പരസ്‌പരം ഏറ്റുമുട്ടിയപ്പോൾ ആദ്യത്തേത് ബംഗളൂരു അഞ്ച് വിക്കറ്റിന് ജയിച്ചു. രണ്ടാമത്തേതിൽ നാല് വിക്കറ്റ് ജയവുമായി ഗുജറാത്ത് തിരിച്ചടിച്ചു.
രജത് പടീദാർ നയിക്കുന്ന ബംഗളൂരു ടീമിന്റെ കരുത്ത് വിരാട് കോഹ്‌ലിയുടെ ബാറ്റാണ്.
557 റണ്ണാണ് ഇതുവരെ നേടിയത്. ദേവ്‌ദത്ത് പടിക്കലാണ് മറ്റൊരു റണ്ണടിക്കാരൻ(433). പേസർ ഭുവനേശ്വർ കുമാറിന്റെ പന്തുകളാണ് ചാമ്പ്യൻമാരുടെ സുപ്രധാന ആയുധം. എല്ലാ കളിയിലും തുടക്കത്തിലും ഒടുക്കത്തിലും ഭുവിയുടെ പന്തുകൾ നിർണായകമായി. ബൗളർമാരിൽ 24 വിക്കറ്റുമായി ഒന്നാമതാണ്.
ശുഭ്‌മാൻ ഗിൽ ക്യാപ്‌റ്റനായ ഗുജറാത്ത് ഓൾറൗണ്ട് ടീമാണ്. റണ്ണടിക്കാരിൽ ഒന്നും രണ്ടും സ്ഥാനം സായ് സുദർശനും ഗില്ലിനുമാണ്. സായ് സുദർശൻ 638 റണ്ണടിച്ചപ്പോൾ ഗിൽ 618 നേടി. ജോസ് ബട്‌ലർ 469 റണ്ണുമായി പിന്തുണക്കുന്നു.
മികച്ച ബൗളർമാരുടെ നിരയും ഗുജറാത്തിന് മുൻതൂക്കം നൽകുന്നു. കഗീസോ റബാദക്ക് 24 വിക്കറ്റുണ്ട്. സ്‌പിന്നർ റാഷിദ്‌ഖാൻ 19 വിക്കറ്റ് നേടി. മുഹമ്മദ് സിറാജിന് 17 വിക്കറ്റാണ്. ടീം രൂപീകരിച്ച 2022ൽ കപ്പ് നേടിയവരാണ് ഗുജറാത്ത്. ഇരുടീമുകളും എട്ട് തവണ മുഖാമുഖം കണ്ടപ്പോൾ വിജയം നാല് വീതമാണ്.









0 comments