ഐപിഎൽ: റണ്ണൊഴുക്കി പഞ്ചാബ്

കൊൽക്കത്ത: പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ട് പ്രകടനം അവസാനിക്കുന്നില്ല. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 35 പന്തിൽ 69 റണ്ണാണ് ഇരുപത്തിനാലുകാരൻ അടിച്ചുകൂട്ടിയത്. പ്രിയാൻഷിന്റെയും സഹ ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങിന്റെയും (49 പന്തിൽ 83) തകർപ്പൻ കളിയുടെ മികവിൽ പഞ്ചാബ് കിങ്‌സ് നാലിന് 201 റണ്ണാണ് നേടിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് തുടക്കത്തിലേ ആഞ്ഞടിച്ചു. പ്രിയാൻഷായിരുന്നു ആക്രമണകാരി. മറുവശത്ത് പ്രഭ്‌സിമ്രാന് ആദ്യ ഓവറുകളിൽ വേഗത്തിൽ റണ്ണടിക്കാനായില്ല. നാല് സിക്‌സറും എട്ട് ഫോറുമായിരുന്നു പ്രിയാൻഷിന്റെ ഇന്നിങ്‌സിൽ. സ്‌പിന്നർമാർക്കെതിരെ പരുങ്ങിയ പ്രഭ്‌സിമ്രാൻ പേസർമാരെ കളംവിട്ട് ആക്രമിച്ചതോടെ സ്‌കോർ ഉയർന്നു. ആറ് വീതം സിക്‌സറും ഫോറും വലംകൈയൻ പറത്തി. 11.5 ഓവറിൽ 120 റണ്ണടിച്ചശേഷമാണ് സഖ്യം വേർപിരിഞ്ഞത്. പ്രിയാൻഷിനെ ആന്ദ്രേ റസ്സലിന്റെ പന്തിൽ വൈഭവ് അറോറ പിടിച്ചു. 40 റൺ കൂട്ടിചേർക്കുന്നതിനിടെ പ്രഭ്‌സിമ്രാനും പുറത്തായതോടെ പഞ്ചാബിന്റെ റണ്ണൊഴുക്കിന്റെ വേഗം കുറയുകയായിരുന്നു.അറോറയാണ് വലംകൈയനെ പുറത്താക്കിയത്.
ഇടവേളയ്‌ക്കുശേഷം ടീമിൽ തിരിച്ചെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. എട്ട് പന്തിൽ ഏഴ് റണ്ണെടുത്ത ഓസ്‌ട്രേലിയക്കാരനെ വരുൺ ചക്രവർത്തി ബൗൾഡാക്കി. മാർകോ ജാൻസൺ 7 പന്തിൽ മൂന്ന് റണ്ണുമായാണ് മടങ്ങിയത്.
അവസാന ഓവറുകളിൽ കൊൽക്കത്ത ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞു. പഞ്ചാബ് ക്യാപ്‌റ്റൻ ശ്രേയസ് അയ്യരും വേഗത്തിൽ റണ്ണെടുക്കാനാകാതെ പരുങ്ങി. 16 പന്തിൽ 25 റണ്ണുമായി പുറത്താകാതെ നിന്ന ക്യാപ്‌റ്റന്റെ ഇന്നിങ്‌സിൽ ഒന്ന് വീതം സിക്‌സറും ഫോറും മാത്രമാണ് ഉൾപ്പെട്ടത്. ജോഷ് ഇൻഗ്ലിസ് ആറ് പന്തിൽ 11 റണ്ണെടുത്തു.
അവസാന ആറ് ഓവറിൽ 43 റൺ മാത്രമാണ് കിട്ടിയത്. ആദ്യ ആറോവറിൽ 56 റണ്ണാണ് അടിച്ചുകൂട്ടിയത്. അടുത്ത പത്തോവറിൽ 105. അവസാന അഞ്ചോവറിൽ 40ഉം. അവസാന ഓവറിൽ റസ്സെൽ വിട്ടുകൊടുത്തത് ഒമ്പത് റൺ മാത്രമായിരുന്നു. രണ്ട് വിക്കറ്റുമായി അറോറ കൊൽക്കത്ത ബൗളർമാരിൽ നേട്ടമുണ്ടാക്കി. നാലോവറിൽ 34 റൺ മാത്രമാണ് വഴങ്ങിയത്. വരുണും റസ്സെലും ഓരോ വിക്കറ്റ് വീതം നേടി. പോയിന്റ് പട്ടികയിൽ പഞ്ചാബ് അഞ്ചാമതും കൊൽക്കത്ത ഏഴാമതുമാണ്. ലീഗിൽ ഇന്ന് രണ്ട് കളിയാണ്. വെെകിട്ട് മുംബെെ ഇന്ത്യൻസ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. രാത്രി ഡൽഹി ക്യാപിറ്റൽസ് റോയൽ ചലഞ്ചേഴ്സ‍് ബംഗളൂരുവുമായി ഏറ്റുമുട്ടും.









0 comments