ഡി കോക്ക്, കൊൽക്കത്ത , എട്ട് വിക്കറ്റ് ജയം , രാജസ്ഥാന് രണ്ടാം തോൽവി

ഗുവാഹത്തി : ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ രണ്ടാം തോൽവി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് എട്ട് വിക്കറ്റിന് തോറ്റു. കൊൽക്കത്തയുടെ ആദ്യ ജയമാണ്. ആദ്യം ബാറ്റെടുത്ത് രാജസ്ഥാൻ നേടിയത് ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 151 റൺ. വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിലൂടെ (61 പന്തിൽ 97*) മിന്നിയ കൊൽക്കത്ത 17.3 ഓവറിൽ ജയം നേടി. സിക്‌സർ പറത്തിയായിരുന്നു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ വിജയാഘോഷം.
സ്കോർ: രാജസ്ഥാൻ 151/9 കൊൽക്കത്ത 153/2 (17.3)
ചെറിയ ലക്ഷ്യത്തിലേക്ക് ഡി കോക്കിന്റെ നേതൃത്വത്തിൽ കൊൽക്കത്ത മികച്ച തുടക്കംകുറിച്ചു. മൊയീൻ അലി (5), ക്യാപ്‌റ്റൻ അജിൻക്യ രഹാനെ (18) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും ഡി കോക്ക് തകർത്തുകളിച്ചു. ആറ് സിക്‌സറും എട്ട് ഫോറുമായിരുന്നു ഇന്നിങ്‌സിൽ. അങ്ക്‌കൃഷ് രഘുവൻഷി 22 റണ്ണോടെ പുറത്താകാതെനിന്നു.
28 പന്തിൽ 33 റണ്ണെടുത്ത വിക്കറ്റ്‌കീപ്പർ ധ്രുവ് ജുറെലാണ് രാജസ്ഥാന്റെ ഉയർന്ന സ്‌കോറുകാരൻ.
സഞ്‌ജു സാംസൺ രണ്ട് ഫോറടിച്ച് നല്ല തുടക്കമായിരുന്നു. എന്നാൽ വൈഭവ് അറോറയുടെ പന്തിൽ ബൗൾഡായി. 11 പന്തിൽ 13 റണ്ണാണ് സമ്പാദ്യം. യശസ്വി ജയ്‌സ്വാളും (29) ക്യാപ്‌റ്റൻ റിയാൻ പരാഗും (25) സ്‌കോർ ഉയർത്താൻ ശ്രമിച്ചു. സ്‌പിന്നർമാരായ മൊയീൻ അലിയും വരുൺ ചക്രവർത്തിയും എത്തിയതോടെ രാജസ്ഥാൻ ബാറ്റിങ്നിരയുടെ താളംതെറ്റി.
പതിനൊന്നാം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 82 റണ്ണെന്നനിലയിൽ പകച്ചപ്പോൾ വിക്കറ്റ്‌കീപ്പർ ധ്രുവ് ജുറെൽ അഞ്ച് ഫോറടിച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഷിമ്രോൺ ഹെറ്റ്‌മയർ ഏഴ് റണ്ണുമായി മടങ്ങിയപ്പോൾ ജോഫ്ര ആർച്ചെർ രണ്ട് സിക്‌സറടിച്ചത് ആശ്വാസമായി. പേസർ ഏഴ് പന്തിൽ വിലപ്പെട്ട 16 റൺ നേടി.









0 comments