ഐപിഎൽ ക്രിക്കറ്റ് 19–ാം സീസണിന് ഇന്ന് തുടക്കം
print edition കാണാം വെടിക്കെട്ട്

ബംഗളൂരു ഓപ്പണർമാരായ വിരാട് കോഹ്ലിയും (ഇടത്ത്) ഫിൽ സാൾട്ടും പരിശീലനത്തിനിടെ
ബംഗളൂരു: ജേതാക്കളുടെ പകിട്ടുമായി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ന് കളത്തിൽ. ഐപിഎൽ ക്രിക്കറ്റ് പുതിയ സീസണിലെ ഉദ്‌ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദാണ് ബംഗളൂരുവിന്റെ എതിരാളികൾ. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ നിരാശ മാറ്റാനാണ് ഹൈദരാബാദിന്റെ ശ്രമം. രാത്രി ഏഴരയ്‌ക്ക് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് കളി.
കരുത്തുറ്റ നിരയാണ് ബംഗളൂരുവിന്. ബാറ്റിങ് നിരയാണ് ശ്രദ്ധേയം. സൂപ്പർ താരം വിരാട് കോഹ്‌ലിയാണ് ഒന്നാമൻ. ഇന്ത്യൻ കുപ്പായത്തിൽ ഏകദിനം മാത്രമാണ് കോഹ്‌ലി ഇപ്പോൾ കളിക്കുന്നത്. ഐപിഎല്ലിൽ ആഘോഷത്തിനാണ് മുൻ ക്യാപ്‌റ്റൻ ഒരുങ്ങുന്നത്. ക്യാപ്‌റ്റൻ രജത് പടിദാർ, വെങ്കിടേഷ് അയ്യർ, ദേവ്‌ദത്ത് പടിക്കൽ, ക്രുണാൾ പാണ്ഡ്യ, ജിതേഷ് ശർമ എന്നിവക്കൊപ്പം അണ്ടർ 19 താരം വിഹാൻ മൽഹോത്രയമുണ്ട്.
വിദേശ താരങ്ങളിൽ ഇംഗ്ലീഷുകാരൻ ജേക്കബ് ബെതലിലാണ് കണ്ണുകൾ.
ലോകകപ്പ് സെമിയിൽ ഇന്ത്യക്കെതിരെ ഒന്നാന്തരം പ്രകടനമായിരുന്നു ബെതൽ പുറത്തെടുത്തത്. ഫിൽ സാൾട്ട്, ടിം ഡേവിഡ്, റൊമാരിയോ ഷെപേർഡ് തുടങ്ങിയ വമ്പൻ വിദേശനിരയാണ്. അതേസമയം, ബൗളിങ് നിരയിൽ പരിക്ക് ആശങ്കയാണ്. ഓസ്‌ട്രേലിയക്കാരൻ ജോഷ് ഹാസെൽവുഡ് പരിക്കുകാരണം പിന്മാറി. ശ്രീലങ്കൻ പേസർ നുവാൻ തുഷാരയുമില്ല. മുൻ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറാണ് ബൗളിങ് നിരയെ നയിക്കുന്നത്.
മറുവശത്ത്, പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഇഷാൻ കിഷനാണ് ഹൈദരാബാദിന്റെ ക്യാപ്‌റ്റൻ. വെടിക്കെട്ട് ബാറ്റർമാരുടെ സംഘമാണ്. അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ, ഹെൻറിച്ച് ക്സാസെൻ, ലിയാം ലിവിങ്‌സ്‌റ്റൺ, നിതീഷ് കുമാർ റെഡ്ഡി എന്നിങ്ങനെ നീളുന്നതാണ് ബാറ്റിങ് നിര. കമ്മിൻസിന്റെ അഭാവത്തിൽ ബൗളിങ് നിര ദുർബലമാണ്.
19–ാം സീസണിന് ധോണി, കോഹ്‌ലി, രോഹിത്, മനീഷ്
ഐപിഎൽ ക്രിക്കറ്റിലെ അപൂർവ നേട്ടത്തിന് തയ്യാറെടുക്കുകയാണ് മഹേന്ദ്രസിങ് ധോണിയും വിരാട് കോഹ്‌ലിയും രോഹിത് ശർമയും മനീഷ് പാണ്ഡെയും. ലീഗിലെ ഇതുവരെയുള്ള 18 പതിപ്പിലും നാലുപേരും കളിച്ചു. 19–ാം തവണയും വിവിധ കുപ്പായത്തിൽ കളത്തിലുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സ് താരമാണ് ധോണി. റൈസിങ് പുണെ സൂപ്പർ ജയന്റിനായും കളിച്ചിട്ടുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി മാത്രമാണ് കോഹ്‌ലി കുപ്പായമണിഞ്ഞത്. ഒരു ടീമിനായി എല്ലാ സീസണും കളിച്ച മറ്റാരുമില്ല.
ഡെക്കാൻ ചാർജേഴ്‌സിലൂടെ ഐപിഎല്ലിൽ അരങ്ങേറിയ രോഹിത് 2011 മുതൽ മുംബൈ ഇന്ത്യൻസിലാണ്. മനീഷ് പാണ്ഡെ മുംബൈ, ബംഗളൂരു, പുണെ വാരിയേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് തുടങ്ങിയ ക്ലബുകൾക്കായി ബാറ്റേന്തി. ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലാണ്.










0 comments