ad
Deshabhimani

ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റിന് പരിക്ക്; ഐ പി എൽ ആരംഭിക്കും മുൻപ് ചെന്നൈയ്ക്ക് പ്രതിസന്ധി

Nathan Ellis
വെബ് ഡെസ്ക്

Published on Mar 19, 2026, 08:14 PM | 1 min read

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ചെന്നൈ സൂപ്പർ കിങ്സിന് വലിയ തിരിച്ചടി. ഓസ്‌ട്രേലിയൻ പേസ് ബൗളർ നഥാൻ എല്ലിസ് പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പിന്മാറി. തുടയിൽ പരിക്കേറ്റ 31കാരനായ താരത്തിന് സീസൺ തുടങ്ങുന്നതിന് മുമ്പ് പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കാൻ കഴിയില്ലെന്നുറപ്പായതോടെയാണ് ഈ തീരുമാനം.


എല്ലിസ് പുറത്താകുന്നത് ടീമിന് ഗണ്യമായ നഷ്ടമാണെന്ന് സിഎസ്‌കെ സിഇഒ കെ എസ് വിശ്വനാഥൻ പ്രതികരിച്ചു. അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായതിനാൽ അദ്ദേഹത്തിന്റെ അഭാവം ടീമിന്റെ ബൗളിംഗ് തന്ത്രങ്ങളെ ബാധിക്കാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ ഡെത്ത് ഓവർ ബൗളറായിരുന്ന മതീഷ പതിരണയെ ടീം റിലീസ് ചെയ്തതും ഇപ്പോഴത്തെ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.


ഇതിനിടെ, ഈ സീസണിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലെത്തിയ മലയാളി താരം സഞ്ജു സാംസൺ വ്യാഴാഴ്ച ചെന്നൈയിൽ എത്തി. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജുവിന് വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്.സഞ്ജുവിനെ ടീമിൽ എത്തിക്കാനായി രവീന്ദ്ര ജഡേജ ,സാം കറൻ എന്നീ താരങ്ങളെ രാജസ്ഥാന് വിട്ടുകൊടുക്കേണ്ടി വന്നു


സഞ്ജുവിന്റെ വരവ് ടീമിന്റെ ബാറ്റിംഗ് നിരയ്ക്ക് ശക്തി പകരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് വിമാന സർവീസുകളിൽ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും വിദേശ താരങ്ങൾ എത്തുന്നതിൽ തടസ്സമുണ്ടാകില്ലെന്ന് സിഎസ്‌കെ അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home