മരവിച്ച സന്ധ്യ, മുടങ്ങാതെ ആഘോഷം

ബംഗളൂരു
ദുരന്തത്തിൽ കുട്ടികൾ ഉൾപ്പെടെ മരിച്ചുവീണപ്പോൾ ഇതൊന്നും ബാധിക്കാതെ ബംഗളൂരു ടീമിന്റെ ആഘോഷം. വിജയാഹ്ലാദത്തിൽ നിലവിളികൾ അവർ കേട്ടില്ല. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ വലിയ ആഘോഷപരിപാടികളാണ് നടന്നത്. വെടിക്കെട്ടും വർണക്കാഴ്‌ചയുമായിരുന്നു സ്‌റ്റേഡിയത്തിൽ. കർണാടക സർക്കാരും ക്രിക്കറ്റ് അസോസിയേഷനും ചേർന്നാണ് ഐപിഎൽ ജേതാക്കൾക്ക് സ്വീകരണമൊരുക്കിയത്.
ഒന്നിനും മുന്നൊരുക്കമുണ്ടായില്ല എന്ന് തെളിയിക്കുന്നതായിരുന്നു ബംഗളൂരുവിലെ ദുരന്തം. സ്‌റ്റേഡിയത്തിന്റെ ഗേറ്റിന് പുറത്ത് കൂട്ടിയിട്ട ചെരുപ്പുകളുടെ കൂമ്പാരം കണ്ടാൽതന്നെ അറിയാമായിരുന്നു ദുരന്തത്തിന്റെ ആഘാതം. 32000 പേർക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തിലേക്ക് മൂന്ന് ലക്ഷത്തിൽപ്പരംആളുകളാണ് പ്രവേശിക്കാൻ ശ്രമിച്ചതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും ഇത്രയും വലിയ പരിപാടിക്ക് അനുമതി നൽകിയതിലും വലിയ പാളിച്ചയുണ്ടായി. ഇതിനിടെയാണ് സ്‌റ്റേഡിയത്തിൽ ആഘോഷവും കൂടി നടന്നത്.
ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ആറുമുതൽ ആഘോഷം തുടങ്ങിയിരുന്നു. ടീം അംഗങ്ങൾ സ്‌റ്റേഡിയത്തിലേക്ക് കയറുന്നതിന് മുമ്പാണ് ആൾക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നത്. മൂന്ന് ഗേറ്റുകൾക്ക് മുന്നിലായിരുന്നു വലിയ തിരക്കുകൾ. പക്ഷേ, പരിപാടി അവസാനിപ്പിക്കാൻ സംഘാടകർ തയ്യാറായില്ല. സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കളിക്കാർക്കൊപ്പം കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറും പങ്കെടുത്തിരുന്നു.
മണിക്കൂറുകൾ മുമ്പുതന്നെ സ്‌റ്റേഡിയം നിറഞ്ഞിരുന്നു. അകത്തെത്തിയ വിരാട് കോഹ്‌ലിയും ക്യാപ്‌റ്റൻ രജത് പാട്ടിദാറും ഉൾപ്പെടെയുള്ള താരങ്ങൾ മൈതാനം വലംവച്ച് കാണികളെ അഭിവാദ്യംചെയ്‌തു. ചാമ്പ്യൻമാർ എന്നെഴുതിയ ജേഴ്‌സിയണിഞ്ഞായിരുന്നു കളിക്കാരെത്തിയത്. സ്‌റ്റേഡിയത്തിന് നടുവിൽവച്ച് ഫോട്ടോ എടുക്കുകയും കാണികളുടെ ആവേശത്തിൽ പങ്കുചേരുകയുംചെയ്‌തു.









0 comments