സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയത് പതിനായിരങ്ങൾ
കാത്തിരിപ്പ് കണ്ണീർ

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഗേറ്റിനരികിൽ കാത്തുനിൽക്കുന്ന ആരാധകർ
ബംഗളൂരു
കാത്തിരിപ്പിന്റെ അവസാനം കണ്ണീരായി മാറി. ആഘോഷം ആർത്തനാദങ്ങളായി അവസാനിച്ചു. ആർപ്പുവിളികൾ നിലവിളികളായി മാറി. ഇന്ത്യൻ കായികചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തമാണ് ബംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് മുന്നിൽ സംഭവിച്ചത്. ഇഷ്ട ടീമിനെയും താരങ്ങളെയും അടുത്ത് കാണാൻ ആവേശത്തോടെ ഒഴുകിയെത്തിയവർക്കാണ് തിക്കിലും തിരക്കിലുംപെട്ട് ജീവൻ പൊലിഞ്ഞത്.
ആയിരക്കണക്കിന് ആളുകളെത്തിയപ്പോൾ പൊലീസിന്റെ നിയന്ത്രണം നഷ്ടമായി. കൂട്ടത്തോടെ സ്‌റ്റേഡിയത്തിന് അകത്തേക്ക് കയറാൻ അവർ ശ്രമിച്ചു. അകത്തോട്ടും പുറത്തോട്ടും നീങ്ങാനായില്ല. ടീമിന്റെ വിക്ടറി പരേഡ് കാണാനെത്തിയവരിൽ പലരും ആ ആൾക്കൂട്ടത്തിൽനിന്ന് തിരിച്ചുവന്നില്ല. ചെറിയ ഗേറ്റിലൂടെ 300 പേരൊക്കെയാണ് അകത്തേക്ക് കടക്കാൻ ശ്രമിച്ചത്. കുട്ടികളും വനിതകളുമൊക്കെയായിരുന്നു ആ കൂട്ടത്തിൽ.
ഐപിഎല്ലിന്റെ പതിനെട്ട് വർഷ ചരിത്രത്തിൽ ആദ്യമായി ബംഗളൂരു ടീം ചാമ്പ്യൻമാരായപ്പോൾ മതിമറന്ന് ആഘോഷിക്കുകയായിരുന്നു ആരാധകർ. കഴിഞ്ഞ ദിവസം രാത്രിതന്നെ നഗരത്തിലെ പല ഭാഗങ്ങളിൽ ആഘോഷപ്രകടനങ്ങൾ നടന്നു. അതിര് കടന്ന ആഘോഷം നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു. ഇതിനിടെയാണ് ജേതാക്കൾക്കായി വിക്ടറി പരേഡ് നടത്താൻ കർണാടക ക്രിക്കറ്റ് അസോസിയേഷനും കർണാടക സർക്കാരും തീരുമാനിക്കുന്നത്. ഇതിനിടെ അസോസിയേഷനും ആരാധകരും വിജയാഘോഷത്തിനായി അവധി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
വൈകിട്ട് അഞ്ചിനായിരുന്നു വിക്ടറി പരേഡ് നടത്താൻ തീരുമാനിച്ചിരുന്നത്. ടീം അംഗങ്ങൾ ബസുകളിലായാണ് വിധാൻ സൗധയിലെത്തിയത്. കിരീടവുമായി ക്യാപ്‌റ്റൻ രജത് പാട്ടിദാർ ഇറങ്ങുമ്പോൾ ആർപ്പുവിളികൾ ഉയർന്നു. പിന്നാലെ ഫൈനലിലെ മികച്ച താരമായ ക്രുണാൾ പാണ്ഡ്യ ഇറങ്ങി. തൊട്ടുപിന്നിലായി വിരാട് കോഹ്‌ലിയും. ഇതിനിടെ മഴയുമെത്തി. അനിയന്ത്രിതമായ ആൾക്കൂട്ടത്തിനൊപ്പം മഴയും പെയ്‌തതോടെ വിക്ടറി പരേഡിന് നിൽക്കാതെ കളിക്കാർ ബസുകളിൽ നേരെ സ്‌റ്റേഡിയത്തിലേക്ക് കടക്കുകയായിരുന്നു.
ആ സമയത്തായിരുന്നു പ്രധാന ഗേറ്റിൽ ദുരന്തം സംഭവിക്കുന്നത്. എല്ലാ കാത്തിരിപ്പും കണ്ണീരിൽ അവസാനിച്ച ദുരന്തകാഴ്‌ച.
ഇതിനിടെ പത്ത് മിനിറ്റിൽ പരിപാടി അവസാനിപ്പിച്ചുവെന്നായിരുന്നു അധികൃതരുടെ വാദം. പരിപാടി കഴിഞ്ഞ് ഒരു മണിക്കൂർ പിന്നിട്ടും കാണികൾ സ്‌റ്റേഡിയം വിടാൻ കൂട്ടാക്കിയില്ല. നാൽപ്പത് ശതമാനത്തോളം ആളുകൾ സ്‌റ്റേഡിയത്തിന് പുറത്തും കാത്തുനിൽപ്പുണ്ടായിരുന്നു. പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
വിമർശിച്ച് ബിസിസിഐ
ബംഗളൂരുവിലെ ദുരന്തത്തിന് കാരണം ആസൂത്രണത്തിലെ പാളിച്ചയാണെന്ന് ബിസിസിഐ കുറ്റപ്പെടുത്തി. വളരെ ദൗർഭാഗ്യകരമായ സംഭവമാണിത്. ക്രിക്കറ്റ് താരങ്ങളോട് ആളുകൾക്ക് അത്രയും സ്‌നേഹമാണ്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ മുന്നൊരുക്കളും സുരക്ഷാ ക്രമീകരണങ്ങളും നടത്തേണ്ടതാണ്. ഐപിഎല്ലിന്റെ മനോഹരമായ പതിപ്പാണ് ദുരന്തത്തിൽ അവസാനിച്ചത്. സംഘാടകർക്ക് ഉത്തരവാദത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല–- ബിസിസിഐ സെക്രട്ടറി ദേവജിത് സയ്‌കിയ പറഞ്ഞു. ഇത് ബിസിസിഐ സംഘടിപ്പിച്ച പരിപാടിയില്ല. സ്‌റ്റേഡിയത്തിന് അകത്തെ ആഘോഷം നിർത്തിവയ്‌ക്കാൻ ബംഗളൂരു ടീം മാനേജ്‌മെന്റിനോട് ഞാൻ ആവശ്യപ്പെടുകയായിരുന്നു–- ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു.









0 comments