ad
Deshabhimani

ക്യാപ്റ്റൻസി അരങ്ങേറ്റം കിരീടത്തോടെ'; ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡിന് ഉടമകളായ നാല് നായകന്മാർ

ipl trophy
വെബ് ഡെസ്ക്

Published on Mar 30, 2026, 07:36 PM | 2 min read

മുംബൈ: ഐപിഎൽ എന്ന കുട്ടിക്രിക്കറ്റ് പൂരത്തിന് പതിനെട്ട് വയസ്സ് തികയുമ്പോൾ, ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെട്ട ഒരു റെക്കോർഡുണ്ട്. നായകനായി ചുമതലയേറ്റ ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിക്കുക എന്നത്.


കോടികൾ വാരിയെറിയുന്ന, സമ്മർദ്ദങ്ങൾ നിലനിൽക്കുന്ന ഈ ടൂർണമെന്റിൽ വമ്പൻ നായകന്മാർ പോലും പതറിപ്പോയടത്താണ് നാല് പേർ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ഷെയ്ൻ വോണിൽ തുടങ്ങി രജത് പാട്ടിദാറിൽ എത്തിനിൽക്കുന്ന ആ വിജയഗാഥ പരിശോധിക്കാം.


ഷെയ്ൻ വോൺ (രാജസ്ഥാൻ റോയൽസ്, 2008)


2008-ലെ ഉദ്ഘാടന സീസണിൽ ആരും സാധ്യത കല്പിക്കാതിരുന്ന ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ ഓസീസ് ഇതിഹാസം ഷെയ്ൻ വോൺ എന്ന തന്ത്രജ്ഞന് കീഴിൽ അവർ അത്ഭുതങ്ങൾ പ്രവർത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ വെറും മൂന്ന് മത്സരങ്ങൾ മാത്രം പരാജയപ്പെട്ട് ഒന്നാം സ്ഥാനക്കാരായാണ് അവർ പ്ലേ ഓഫിലെത്തിയത്. ആവേശകരമായ ഫൈനലിൽ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ മുട്ടുകുത്തിച്ച് വോണും സംഘവും ഐപിഎല്ലിലെ ആദ്യ രാജാക്കന്മാരായി. ഒരു ടീമിനെ എങ്ങനെ നയിക്കണമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത 'ക്യാപ്റ്റൻ കൂൾ' ആയിരുന്നു വോൺ.


രോഹിത് ശർമ്മ (മുംബൈ ഇന്ത്യൻസ്, 2013 )


വോണിന് ശേഷം ഈ നേട്ടത്തിലെത്താൻ മറ്റൊരു നായകന് അഞ്ച് വർഷം കാത്തിരിക്കേണ്ടി വന്നു. 2013-ൽ സീസണിന്റെ പകുതിയിൽ വെച്ച് റിക്കി പോണ്ടിംഗിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന്റെ ജാതകം തന്നെ തിരുത്തിക്കുറിച്ചു. സച്ചിൻ ടെണ്ടുൽക്കറുടെ വിരമിക്കൽ സീസൺ കൂടിയായിരുന്ന അന്ന്, ഫൈനലിൽ വീണ്ടും സിഎസ്കെയെ പരാജയപ്പെടുത്തി രോഹിത് മുംബൈക്ക് കന്നി കിരീടം സമ്മാനിച്ചു. പിന്നീട് അഞ്ച് കിരീടങ്ങൾ കൂടി മുംബൈയിലെത്തിച്ച ഹിറ്റ്മാന്റെ ഐതിഹാസിക യാത്രയുടെ തുടക്കമായിരുന്നു അത്.


ഹാർദിക് പാണ്ഡ്യ (ഗുജറാത്ത് ടൈറ്റൻസ്, 2022)


പുതിയ ടീം, പുതിയ നായകൻ.2022-ൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്ലിലേക്ക് എത്തുമ്പോൾ ഹാർദിക് പാണ്ഡ്യയുടെ നായകപാടവത്തെ പലരും സംശയിച്ചിരുന്നു. എന്നാൽ എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകിക്കൊണ്ട് ഹാർദിക് ടീമിനെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിച്ചു. ഫൈനലിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി കന്നി സീസണിൽ തന്നെ ഗുജറാത്തിന് കിരീടം നേടിക്കൊടുത്തു. ഒരു ഫിനിഷർ എന്നതിലുപരി പക്വതയുള്ള നായകനായി ഹാർദിക് മാറിയ സീസണായിരുന്നു അത്.


രജത് പാട്ടിദാർ (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, 2025)


ഈ പട്ടികയിലെ ഏറ്റവും പുതിയ അംഗമാണ് രജത് പാട്ടിദാർ. വിരാട് കോലിയും ബെംഗളൂരു ആരാധകരും നീണ്ട 17 വർഷം കാത്തിരുന്ന ആ സ്വപ്നം പാട്ടിദാർ യാഥാർത്ഥ്യമാക്കി. 2025-ൽ ആർസിബിയുടെ നായകസ്ഥാനം ഏറ്റെടുത്ത പാട്ടിദാർ, ടീമിന് നഷ്ടമായിരുന്ന ആ 'വിന്നിംഗ് മെന്റാലിറ്റി' തിരികെ കൊണ്ടുവന്നു. സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ ടീമിനെ നയിച്ച അദ്ദേഹം കോലിയുടെ ട്രോഫി ക്യാബിനറ്റിലെ വലിയൊരു കുറവ് നികത്തി. നിലവിലെ ചാമ്പ്യന്മാരായി 2026 സീസണിലേക്ക് പാട്ടിദാർ ഇറങ്ങുമ്പോൾ ആരാധകർക്ക് പ്രതീക്ഷയേറെയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home