print edition 77 സ്ഥാനങ്ങൾ 350 കളിക്കാർ , കൂടുതൽ തുക കൊൽക്കത്തയ്‌ക്ക്


Sports Desk
Published on Dec 10, 2025, 12:00 AM | 2 min read
മുംബൈ
ഐപിഎൽ ക്രിക്കറ്റ് പുതിയ സീസണിലേക്കുള്ള കളിക്കാരെ കണ്ടെത്താനുള്ള താരലേലം 16ന് അബുദാബിയിൽ നടക്കും. പകൽ 2.30 മുതൽ തുടങ്ങുന്ന ലേലത്തിൽ 350 കളിക്കാർ പങ്കെടുക്കും. 77 സ്ഥാനങ്ങളിലേക്കാണ് ലേലം. അതിൽ 46 ഇന്ത്യക്കാർക്കും 31 വിദേശ താരങ്ങൾക്കും അവസരമുണ്ട്. രജിസ്‌റ്റർ ചെയ്‌ത 1390 കളിക്കാരിൽനിന്നാണ് ചുരുക്കപട്ടിക തയ്യാറാക്കിയത്. അടുത്തവർഷം മാർച്ച് മുതൽ മെയ് വരെയാണ് പത്തൊമ്പതാമത് സീസൺ.
കഴിഞ്ഞമാസം കളിക്കാരെ കൈമാറാനും നിലനിർത്താനുമുള്ള അവസരം 10 ടീമുകളും പ്രയോജനപ്പെടുത്തിയിരുന്നു. 72 കളിക്കാർ ഒഴിവാക്കപ്പെട്ടപ്പോൾ 163 താരങ്ങളെ ടീമുകൾ നിലനിർത്തി. ലേലപട്ടികയിലുള്ള 350 കളിക്കാരിൽ 240 പേർ ഇന്ത്യക്കാരാണ്. അതിൽ 16 പേർ ഇന്ത്യൻ ജഴ്‌സി അണിഞ്ഞവരാണ്. 110 വിദേശികളിൽ 96 പേർ ദേശീയ ടീമിൽ കളിച്ചവരാണ്.
ലേലത്തിനെത്തുന്ന 40 കളിക്കാരുടെ അടിസ്ഥാനവില രണ്ട് കോടിയാണ്. അതിൽ വെങ്കിടേഷ് അയ്യരും രവി ബിഷ്‌ണോയിയുമാണ് ഇന്ത്യൻ താരങ്ങൾ. ഒമ്പത് പേർക്ക് ഒന്നരകോടിയുണ്ട്. പേസ് ബൗളർ ഉമേഷ് യാദവാണ് ഇൗ പട്ടികയിലെ ഏക ഇന്ത്യൻ സാനിധ്യം. 227 കളിക്കാർക്ക് അടിസ്ഥാനവില 30 ലക്ഷമാണ്. ഡെവൻ കോൺവേ, ഡേവിഡ് മില്ലർ, വണീന്ദു ഹസരങ്ക, രചിൻ രവീന്ദ്ര, സ്‌റ്റീവ് സ്‌മിത്ത്, ഷായ് ഹോപ്, ക്വിന്റൺ ഡി കോക്ക് തുടങ്ങിയവർ പ്രമുഖ വിദേശ കളിക്കാരുടെ പട്ടികയിലുണ്ട്.
ഏറ്റവും കൂടുതൽ തുക ചെലവഴിക്കാനാവുക കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്. 64.3 കോടി രൂപയാണ് മുൻ ചാമ്പ്യൻമാരുടെ കൈവശമുള്ളത്. ചെന്നൈ സൂപ്പർ കിങ്‌സിന് 43.4 കോടി രൂപ ചെലവഴിക്കാം. ഒരു ടീമിന് 25 കളിക്കാർക്കായി 120 കോടി രൂപ ചെലവഴിക്കാമെന്നാണ് ഐപിഎൽ മാനദണ്ഡം. ഇതിൽ എട്ട് വിദേശ താരങ്ങളുമാകണം.
ഹൈദരാബാദ് 25.5 കോടി, ലഖ്‌നൗ 22.9 കോടി, ഡൽഹി 21.8 കോടി, രാജസ്ഥാൻ 16.05 കോടി, ബംഗളൂരു 16.4 കോടി, ഗുജറാത്ത് 12.9 കോടി, പഞ്ചാബ് 11.5 കോടി, മുംബൈ 2.75 കോടി എന്നിങ്ങനെയാണ് ശേഷിക്കുന്ന തുക.
11 കേരള താരങ്ങൾ ; ജിക്കു അപ്രതീക്ഷിത സാന്നിധ്യം
താരലേലത്തിനുള്ള പട്ടികയിൽ കേരളത്തിൽനിന്നും 11 കളിക്കാർ. വിഘ്‌നേഷ് പുത്തൂർ, അഖിൽ സ്‌കറിയ, എൻ എം ഷറഫുദീൻ, ശ്രീഹരി നായർ, അഹമ്മദ് ഇമ്രാൻ, അബ്‌ദുൽ ബാസിത്, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, കെ എം ആസിഫ്, ഏദൻ ആപ്പിൾ ടോം എന്നിവർ പട്ടികയിലുണ്ട്. തിരുവനന്തപുരം സ്വദേശി ജിക്കു ബ്രൈറ്റ് അപ്രതീക്ഷിതമായി ഉൾപ്പെട്ടു. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനായി നെറ്റ്‌സിൽ പന്തെറിഞ്ഞ ഓഫ് സ്‌പിൻ ബൗളറാണ്. കേരളത്തിനായി ഒരു മത്സരത്തിലും കളിച്ചിട്ടില്ല. ടെന്നീസ് ബോൾ ക്രിക്കറ്റ് താരമാണ് 27കാരൻ.
മുമ്പ് ചെന്നൈ സൂപ്പർ കിങ്സ് ടീമിലുണ്ടായിരുന്ന പേസ് ബൗളർ കെ എം ആസിഫിന് സയ്യിദ് മുഷ്‌ത്താഖ് ടൂർണമെന്റിലെ പ്രകടനം തുണയായി. ആറ് കളിയിൽ 15 വിക്കറ്റാണ് മുപ്പത്തിരണ്ടുകാരൻ നേടിയത്. 19 വയസുള്ള ഓപ്പണറാണ് അഹമ്മദ് ഇമ്രാൻ.
സഞ്‌ജു സാംസണും വിഷ്‌ണുവിനോദുമാണ് നിലവിൽ ഐപിഎൽ ടീമിലുള്ള മലയാളികൾ. സഞ്‌ജു രാജസ്ഥാൻ റോയൽസിൽനിന്നും ചെന്നൈ സൂപ്പർ കിങ്സിലെത്തി. പഞ്ചാബ് കിങ്‌സ് വിഷ്‌ണുവിനെ നിലനിർത്തിയിരുന്നു. മുംബൈ ഇന്ത്യൻസ് സ്‌പിന്നർ വിഘ്‌നേഷ് പുത്തൂരിനെയും സൺറൈസേഴ്‌സ് ഹൈദരാബാദ് സച്ചിൻ ബേബിയെയും ഒഴിവാക്കിയിരുന്നു. സച്ചിൻ ലേലപട്ടികയിലും ഉൾപ്പെട്ടില്ല.
ഇരുപത്തിനാലുകാരനായ വിഘ്‌നേഷിനെ മുംബൈ നിലനിർത്താതിരുന്നത് അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ സീസണിൽ കൂടാരത്തിലെത്തിച്ച മലപ്പുറം സ്വദേശി അഞ്ച് കളിയിൽ ആറ് വിക്കറ്റ് നേടി. പരിക്കിനെ തുടർന്ന് ലീഗിന്റെ പാതിയിൽനിന്ന് പിൻമാറുകയും ചെയ്‌തു. ലേലത്തിൽ മുംബൈ ടീമിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്.
സച്ചിനെ കൂടാതെ പേസ് ബൗളർ എം ഡി നിധീഷും ലേലത്തിനില്ല. മുൻ കേരള താരമായിരുന്ന സന്ദീപ് വാര്യർ പട്ടികയിലുണ്ട്.










0 comments