ജഡേജ രാജസ്ഥാനിലേക്ക് മാറിയേക്കും , ക്യാപ്‌റ്റനാകാൻ ജയ്‌സ്വാളും ജുറേലും
print edition ഐപിഎല്ലിൽ കൂടുമാറ്റം ; സഞ്‌ജുവിനെ വരവേൽക്കാൻ ചെന്നൈ

സഞ്ജു സാംസൺ / രവീന്ദ്ര ജഡേജ / യശസ്വി ജയ്സ്വാൾ

Sports Desk
Published on Nov 11, 2025, 12:00 AM | 2 min read
ചെന്നെെ
ഐപിഎൽ ക്രിക്കറ്റ് പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബർ രണ്ടാംവാരം നടക്കാനിരിക്കെ കളിക്കാരെ നിലനിർത്താനും ഒഴിവാക്കാനുമുള്ള അവസാന ഘട്ട നീക്കത്തിൽ ടീമുകൾ. ഇൗ മാസം 15നാണ് കളിക്കാരെ നിലനിർത്താനുള്ള അവസാന തീയതി. തുടർന്ന് ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ടീമുകൾ സമർപ്പിക്കണം. വലിയ രീതിയിലുള്ള താരലേലം ഇക്കുറി ഉണ്ടായേക്കില്ലെന്നാണ് സൂചന.
കളിക്കാരെ നിലനിർത്തിനുമുന്പുള്ള പരസ്‌പരമുള്ള താരകൈമാറ്റമാണ് ഇപ്പോൾ നടക്കുന്നത്. രാജസ്ഥാൻ റോയൽസ് ടീം ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ ഇൗ രീതിയിൽ ചെന്നൈ സൂപ്പർ കിങ്‌സിലേക്കെത്തുമെന്നാണ് സൂചന. പകരമായി രാജസ്ഥാൻ ആവശ്യപ്പെട്ട രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകാൻ ചെന്നൈ തയ്യാറായതായും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ ടീമുകളുടെ സ്ഥിരീകരണം വന്നിട്ടില്ല.
സഞ്‌ജുവും ജഡേജയും അതത് ടീമുകളിൽ ഏറെക്കാലമായി കളിക്കുന്നവരാണ്. സഞ്‌ജു 11 സീസണിൽ രാജസ്ഥാന് വേണ്ടി കളിച്ചു. ജഡേജ 2012ൽ ചെന്നൈയിലെത്തിയതാണ്. ഇതിൽ 2016, 17 വർഷങ്ങളിൽ ടീമിന് വിലക്കായതിനാൽ കളിച്ചില്ല. കഴിഞ്ഞ വർഷത്തെ മെഗാലേലത്തിൽ 18 കോടി രൂപയ്‌ക്കാണ് മുപ്പത്താറുകാരനെ ചെന്നൈ നിലനിർത്തിയത്. ടീമിന്റെ അഞ്ച് കിരീടങ്ങളിൽ പങ്കാളിയാണ്. 2023 ഫൈനലിൽ തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തത്. കഴിഞ്ഞ സീസണിൽ 301 റണ്ണടിച്ചു. രണ്ട് അർധസെഞ്ചുറിയും നേടി. അതേസമയം, ജഡേജയ്‌ക്ക് ചെന്നൈ വിട്ടുപോകാൻ താൽപര്യമില്ലെന്നും സൂചനയുണ്ട്. 2008ൽ ചാന്പ്യൻമാരായ രാജസ്ഥാൻ ടീമിന്റെ ഭാഗവുമായിരുന്നു ജഡേജ.
2021ലാണ് സഞ്‌ജു രാജസ്ഥാന്റെ ക്യാപ്‌റ്റനാകുന്നത്. 67 കളിയിൽ നയിച്ചപ്പോൾ 33 വീതം ജയവും തോൽവിയുമാണ്. 2024ൽ 531 റണ്ണടിച്ചു. 18 കോടി രൂപയ്‌ക്കാണ് നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ പരിക്കായതിനാൽ മുഴുവൻ മത്സരങ്ങളിലും ഇറങ്ങാനായില്ല. ചെന്നൈയിലെത്തിയാലും ക്യാപ്‌റ്റൻ സ്ഥാനം കിട്ടാൻ സാധ്യതയില്ല. പരിക്കുകാരണം കഴിഞ്ഞ സീസണിൽ ഇറങ്ങിയില്ലെങ്കിലും ഋതുരാജ് ഗെയ്‌ക്ക്‌വാദാണ് ടീമിന്റെ ക്യാപ്‌റ്റൻ.
സഞ്‌ജു രാജസ്ഥാൻ വിട്ടാൽ ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. രണ്ട് ലങ്കൻ സ്‌പിന്നർമാരായ വണീന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരെ ഒഴിവാക്കാൻ സാധ്യതയുണ്ട്.
ദീപക് ഹൂഡ, വിജയ് ശങ്കർ, രാഹുൽ തൃപാഠി, ഡെവൻ കോൺവെ എന്നിവരെ ചെന്നൈയും ഒഴിവാക്കിയേക്കും. 9.75 കോടി മുടക്കികൊണ്ടുവന്ന ആർ അശ്വിൻ ഐപിഎല്ലിൽനിന്ന് വിരമിച്ചിരുന്നു.
ടി നടരാജൻ, വെങ്കിടേഷ് അയ്യർ, മിച്ചെൽ സ്‌റ്റാർ, മായങ്ക് യാദവ്, ഡേവിഡ് മില്ലർ തുടങ്ങിയ കളിക്കാർ ഇൗ സീസണിൽ പുതിയ ടീമിനെ തേടിയേക്കും. അതേസമയം, കഴിഞ്ഞ പതിപ്പിൽ പരിക്കുകാരണം കളിക്കാതിരുന്ന ഓസീസ് ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ ഇക്കുറി ലേല പട്ടികയിലുണ്ട്. ഗ്രീനിനായി വന്പൻ ടീമുകൾ രംഗത്തുണ്ട്.
കഴിഞ്ഞ സീസണിൽ അവസാന രണ്ട് സ്ഥാനത്തായിരുന്നു രാജസ്ഥാനും ചെന്നൈയും. അതിനാൽ താരലേലത്തിൽ കൂടുതൽ ഇടപെടുക ഇൗ ടീമുകളായിരിക്കും.









0 comments