റണ്ണഭിഷേകം ; ഹൈദരാബാദ് എട്ട് വിക്കറ്റിന് പഞ്ചാബിനെ തോൽപ്പിച്ചു

പഞ്ചാബ് കിങ്സിനെതിരെ സെഞ്ചുറി നേടിയ സൺറൈസേഴ്സ് ഹെെദരാബാദ് ബാറ്റർ അഭിഷേക് ശർമയുടെ ആഹ്ലാദം
എന്തൊരടി! അഭിഷേക് ശർമയുടെ ബാറ്റിങ്ങിനെക്കുറിച്ച് വേറെ എന്തുപറയാൻ. 10 സിക്‌സറും 14 ഫോറും അകമ്പടിയായ തകർപ്പൻ കന്നിസെഞ്ചുറി. 55 പന്തിൽ 141 റൺ. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഉയർന്ന സ്‌കോർ. ഇരുപത്തിനാലുകാരൻ ഹൃദയം കവർന്ന ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ തിരിച്ചുവരവ്. പഞ്ചാബ് കിങ്സിനെ എട്ട് വിക്കറ്റിന് ചാമ്പലാക്കി. തുടർച്ചയായ നാല് തോൽവിക്കുശേഷമുള്ള വിജയം.
സ്‌കോർ: പഞ്ചാബ് 245/6, ഹൈദരാബാദ് 247/2(18.3).
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ റൺവിരുന്നൊരുക്കിയാണ് ഹൈദരാബാദ് കൂറ്റൻ സ്‌കോർ പിന്തുടർന്നത്. ഇരുടീമുകളും ചേർന്ന് അടിച്ചെടുത്തത് 492 റൺ. 44 ഫോറും 30 സിക്‌സറും പിറന്നു. ഓപ്പണർമാരായ അഭിഷേകും ട്രാവിസ് ഹെഡ്ഡും ഒന്നാം വിക്കറ്റിൽ നേടിയ 171 റൺ വിജയത്തിനുള്ള അടിത്തറയായി. മൂന്ന് തവണ പുറത്താകലിൽനിന്നും രക്ഷപ്പെട്ട അഭിഷേക് 19 പന്തിൽ അർധസെഞ്ചുറിയും 40 പന്തിൽ സെഞ്ചുറിയും പൂർത്തിയാക്കി. സെഞ്ചുറി നേടിയശേഷം ‘ഇത് ഓറഞ്ച് ആർമിക്ക്’ എന്ന എന്നെഴുതിയ കടലാസും ഉയർത്തിക്കാട്ടി. ഉയർന്ന സ്‌കോർ നേടുന്ന മൂന്നാമനാണ്. ക്രിസ് ഗെയ്‌ലും(175) ബ്രണ്ടൻ മക്കല്ലവും(158) മാത്രമാണ് മുന്നിൽ. ട്രാവിസ് ഹെഡ്ഡ് 37 പന്തിൽ 66 റണ്ണെടുത്ത് അഭിഷേകിന് മികച്ച പിന്തുണ നൽകി. ഇരുവരും പുറത്തായശേഷം ഹെൻറിച്ച് ക്ലാസെനും(21) ഇഷാൻ കിഷനും(8) ചടങ്ങ് പൂർത്തിയാക്കേണ്ട കടമ മാത്രമേ ഉണ്ടായിരുന്നുള്ളു. ഐപിഎല്ലിലെ മികച്ച രണ്ടാമത്തെ റൺ പിന്തുടരലാണ്.
ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ 36 പന്തിൽ 82 റണ്ണടിച്ചാണ് പഞ്ചാബിന് മികച്ച സ്‌കോർ ഒരുക്കിയത്. ആറ് വീതം ഫോറും സിക്‌സറുമടിച്ചു. പ്രിയാൻഷ് ആര്യയും (13 പന്തിൽ 36) പ്രഭ്‌സിമ്രാൻ സിങും (23 പന്തിൽ 42) അടിച്ചുതകർത്തു. മാർകസ് സ്‌റ്റോയിനിസ് 11 പന്തിൽ 34 റണ്ണുമായി പുറത്താവാതെനിന്നു. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിലെ അവസാന നാല് പന്തും സിക്‌സർ പറത്തി. ഷമി നാല് ഓവറിൽ വഴങ്ങിയത് 75 റൺ. ഐപിഎൽ ചരിത്രത്തിൽ കൂടുതൽ റൺ വിട്ടുകൊടുത്ത രണ്ടാമത്തെ ബൗളറെന്ന ചീത്തപ്പേരും കിട്ടി. രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചെർ ഈ സീസണിൽ 76 റൺ വഴങ്ങിയിരുന്നു. ഹൈദരാബാദിനായി ഹർഷൽ പട്ടേൽ നാല് വിക്കറ്റെടുത്തു. ഇഷാൻ മലിംഗയ്‌ക്ക് രണ്ട് വിക്കറ്റുണ്ട്.









0 comments