തട്ടകത്തിൽ തീർത്തു

ചെന്നൈ : ഒടുവിൽ ചെപ്പോക്ക് കനിഞ്ഞു, 17 വർഷത്തിനുശേഷം. ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ തട്ടകത്തിൽ അവസാനിപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു. ഐപിഎൽ ക്രിക്കറ്റിൽ ബംഗളൂരുവിന് 50 റൺ ജയം. തുടർച്ചയായ രണ്ടാം ജയത്തോടെ പട്ടികയിൽ ഒന്നാമതെത്തി. ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ 2008ലെ ആദ്യ ഐപിഎല്ലിൽ മാത്രമാണ് ബംഗളൂരുവിന് ജയിക്കാനായത്. ബാക്കി എട്ടിലും അവസാന ചിരി
ചെന്നൈയുടേതായിരുന്നു.
സ്‌കോർ: ബംഗളൂരു 196/7, ചെന്നൈ 146/8.
സൂപ്പർ ബാറ്റിങ്നിരയുള്ള ചെന്നൈയുടെ പ്രകടനം ദയനീയമായിരുന്നു. ബംഗളൂരു പേസർ ജോഷ് ഹാസെൽവുഡിന്റെ രണ്ടാം ഓവർ കളിയുടെ വിധിയെഴുതി. ഓപ്പണർ രാഹുൽ ത്രിപാഠിയെയും(5) ക്യാപ്‌റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദിനെയും(0) മടക്കി. ഓപ്പണർ രചിൻ രവീന്ദ്രയും(41) രവീന്ദ്ര ജഡേജയും(25) പൊരുതിനോക്കി. ദീപക് ഹൂഡയ്‌ക്കും(4), സാം കറനും(8) കൂറ്റൻ അടി സാധ്യമായില്ല. ശിവം ദുബെയ്‌ക്കും (19) ആർ അശ്വിനും (11) ലക്ഷ്യം നേടാനുള്ള കരുത്തില്ലായിരുന്നു. മഹേന്ദ്രസിങ് ധോണി പതിനാലാം ഓവറിൽ ഒമ്പതാമനായി ക്രീസിലെത്തുമ്പോൾ ചെന്നൈയ്‌ക്ക് വേണ്ടത് 28 പന്തിൽ 98 റൺ. 16 പന്തിൽ 30 റണ്ണടിച്ച് പുറത്താവാതെ നിന്നെങ്കിലും ഫലമുണ്ടായില്ല. അവസാന ഓവറിൽ രണ്ട് സിക്‌സർ പറത്തി ആരാധകരെ രസിപ്പിച്ചു. അവസാന ഓവറിലെ ഒരു ഫോർ അടക്കം മൂന്നുതവണ പന്ത് അതിർത്തി കടന്നു.
ബംഗളൂരുവിനായി ഹാസെൽവുഡ് നാല് ഓവറിൽ 21 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. യാഷ് ദയാലും ലിയാം ലിവിങ്സ്‌റ്റണും രണ്ടെണ്ണം വീതം നേടി. പേസർ ഭുവനേശ്വർ കുമാർ മൂന്ന് ഓവറിൽ 20 റൺ വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി.
ക്യാപ്‌റ്റൻ രജത് പാട്ടീദാർ നേടിയ അർധസെഞ്ചുറിയാണ്(51) ബംഗളൂരുവിന് മികച്ച സ്‌കോർ നൽകിയത്. സാം കറൻ എറിഞ്ഞ അവസാന ഓവറിൽ തുടരെ മൂന്ന് സിക്‌സർ പറത്തിയ ടിം ഡേവിഡാണ് സ്‌കോർ ഇരുനൂറിനോട് അടുപ്പിച്ചത്. എട്ട് പന്തിൽ 22 റണ്ണുമായി ഓസ്‌ട്രേലിയൻ ബാറ്റർ പുറത്തായില്ല. ഓപ്പണർ ഫിൽ സാൾട്ട് 16 പന്തിൽ 32 റണ്ണെടുത്തപ്പോൾ അഞ്ച് ഫോറും ഒരു സിക്‌സറും ഉൾപ്പെട്ടു. അപകടകാരിയായി മാറിയ ഇംഗ്ലീഷ് ഓപ്പണറെ അഫ്‌ഗാൻ സ്‌പിന്നർ നൂർ അഹമ്മദാണ് മടക്കിയത്. വിക്കറ്റ്‌കീപ്പർ മഹേന്ദ്രസിങ് ധോണിയുടെ അതിവേഗ സ്‌റ്റമ്പിങ്. മുംബൈ ഇന്ത്യൻസ് ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിനെ പുറത്താക്കിയത് സമാനരീതിയിലുള്ള സ്‌റ്റമ്പിങ്ങിലൂടെയായിരുന്നു. ഓപ്പണർ വിരാട് കോഹ്‌ലി (30 പന്തിൽ 31), ദേവ്‌ദത്ത് പടിക്കൽ(14 പന്തിൽ 27) എന്നിവർ സ്‌കോർ ഉയർത്തി. ചെന്നൈയ്‌ക്കായി സ്‌പിന്നർ നൂർ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.









0 comments