മുംബൈ ആരാധകർ എതിർ താരങ്ങൾക്കായി കൈയടിക്കുന്നത് നിരാശപ്പെടുത്തുന്നു; ഹാർദിക് പാണ്ഡ്യ

ഹാർദിക് പാണ്ഡ്യ (Photo Credit NDTV)
മുംബൈ : ഇന്നലെ നടന്ന മുംബൈ-ഹൈദരാബാദ് മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ചാണ് മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ സംസാരിച്ചത്. മുംബൈക്കായി നിലകൊള്ളാനുള്ള അവസരങ്ങൾ ടീം ആരാധകർക്ക് നൽകിയില്ലെന്നും, അവർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വിഷമമുണ്ടെന്നും ഹാർദിക് പറഞ്ഞു. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി അവരുടെ സ്നേഹവും സപ്പോർട്ടും തിരിച്ചെടുക്കുമെന്നും താരം വ്യക്തമാക്കി.
ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് തകർത്തു. ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 244 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.
നേരത്തെ റിയാൻ റിക്കിൽട്ടന്റെ അപരാജിത സെഞ്ച്വറിയാണ് മുംബൈയെ വൻസ്കോറിലേക്ക് നയിച്ചത്. 55 പന്തിൽ എട്ട് സിക്‌സറും പത്ത് ഫോറുകളും അടക്കം 123 റൺസാണ് താരം നേടിയത്. ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് (76), ഹെൻഡ്രിച്ച് ക്ലാസൻ (65), അഭിഷേക് ശർമ (45), സാലിൽ അറോറ (30), നിതീഷ് കുമാർ റെഡ്‌ഡി (21) എന്നിവർ മികച്ച പ്രകടനം നടത്തി. മുംബൈയ്ക്ക് വേണ്ടി അല്ലാഹ് ഗസൻഫർ രണ്ട് വിക്കറ്റ് നേടി.










0 comments