ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 29 റൺസിന്റെ തകർപ്പൻ വിജയം

Photo Credit: BCCI
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ റൺമഴ പെയ്ത പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 29 റൺസിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 247 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ മികച്ച രീതിയിൽ പോരാടിയെങ്കിലും ഗുജറാത്തിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ബാറ്റിങ്ങിൽ കൊൽക്കത്തയ്ക്കായി മുൻനിര ബാറ്റർമാർ തകർത്തടിക്കുകയായിരുന്നു. ഓപ്പണർ ഫിൻ അലന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കെകെആറിന് വമ്പൻ സ്കോറിലേക്ക് വഴിതുറന്നത്. വെറും 35 പന്തിൽ നിന്ന് ആറ് സിക്സറുകളും ഒൻപത് ഫോറുകളുമടക്കം 93 റൺസാണ് അലൻ അടിച്ചുകൂട്ടിയത്. തുടർന്ന് ക്രീസിലൊന്നിച്ച അങ്ക്രിഷ് രഘുവൻഷിയും കാമറൂൺ ഗ്രീനും ചേർന്ന് ഗുജറാത്ത് ബൗളർമാരെ നിലംപരിശാക്കി. രഘുവൻഷി 44 പന്തിൽ 82 റൺസോടെയും, കാമറൂൺ ഗ്രീൻ 28 പന്തിൽ 52 റൺസോടെയും പുറത്താകാതെ നിന്നു. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 14 റൺസെടുത്തു. ഗുജറാത്തിനു വേണ്ടി മുഹമ്മദ് സിറാജ്, സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ജോസ് ബട്ലറും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഗിൽ 49 പന്തിൽ ഒൻപത് സിക്സറുകളും അഞ്ച് ഫോറുകളുമടക്കം 85 റൺസ് നേടി പുറത്തായപ്പോൾ, ബട്ലർ 35 പന്തിൽ 57 റൺസെടുത്തു. പരിക്കേറ്റ് താൽക്കാലികമായി ക്രീസ് വിട്ട ശേഷം വീണ്ടുമെത്തിയ സായ് സുദർശൻ 28 പന്തിൽ 53 റൺസോടെ പുറത്താകാതെ നിന്ന് മികച്ച പോരാട്ടം നയിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. രാഹുൽ തെവാതിയ 24 റൺസും നിഷാന്ത് സിന്ധു 14 റൺസുമെടുത്ത് പുറത്തായി.
കെകെആറിന്റെ ബൗളിങ് നിരയിൽ സുനിൽ നരെയ്ന്റെ പ്രകടനമാണ് നിർണായകമായത്. റൺമഴ പെയ്ത പിച്ചിൽ നാല് ഓവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ നരെയ്ൻ ഗുജറാത്തിന്റെ റൺവേഗതയ്ക്ക് ബ്രേക്കിട്ടു. കാമറൂൺ ഗ്രീൻ, സൗരഭ് ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. കൊൽക്കത്തയുടെ സുനിൽ നരെയ്ൻ തന്നെയാണ് മത്സരത്തിലെ താരം










0 comments