ഐപിഎൽ 2026
ബുമ്രയ്ക്ക് 'ബ്രേക്ക്' വേണോ? വിശ്രമം നൽകണമെന്ന് മുൻ താരങ്ങൾ

ജസ്പ്രീത് ബുമ്ര (Photo Credit Outlook India)
മുംബൈ : മുംബൈ ഇന്ത്യൻസ് വിജയവഴിയിൽ തിരിച്ചെത്തിയെങ്കിലും ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം ജസ്പ്രീത് ബുമ്രയുടെ ഫോമില്ലായ്മയാണ്. തിങ്കളാഴ്ച വാംഖഡെയിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തിലും ബുമ്രയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല, നാല് ഓവറിൽ 45 റൺസ് വഴങ്ങുകയും ചെയ്തു. ഈ സീസണിൽ ബുമ്ര വിക്കറ്റ് ലഭിക്കാതെ പോകുന്ന ഏഴാമത്തെ മത്സരമാണിത്. ബുമ്രയുടെ വേഗത കുറയുന്നതും പന്തെറിയുന്നതിലെ കൃത്യതയില്ലായ്മയും മുംബൈ ഇന്ത്യൻസിന് വലിയ തിരിച്ചടിയാകുന്നു. ലഖ്‌നൗവിനെതിരായ മത്സരത്തിൽ മിച്ചൽ മാർഷിനെതിരെ വഴങ്ങിയ നോബോളും സിക്സറുകളും ഉൾപ്പെടെ ഒരോവറിൽ 21 റൺസാണ് ബുമ്ര വിട്ടുകൊടുത്തത്.
ഇതോടെ ബുമ്രയ്ക്ക് വിശ്രമം നൽകുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ചിന്തിക്കണമെന്ന് മുൻ താരങ്ങളായ സഞ്ജയ് ബംഗാറും വേദ കൃഷ്ണമൂർത്തിയും അഭിപ്രായപ്പെട്ടു. ബുമ്രയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവോ രോഹിത് ശർമ്മയോ നേരിട്ട് സംസാരിക്കണമെന്നും അദ്ദേഹം ശാരീരികമായി പൂർണ്ണ കായികക്ഷമതയിലാണോ എന്ന് ഉറപ്പുവരുത്തണമെന്നും വേദ കൃഷ്ണമൂർത്തി പറഞ്ഞു. മാനസികമായും ശാരീരികമായും പുതുജീവൻ വീണ്ടെടുക്കാൻ ഒരു ബ്രേക്ക് ആവശ്യമാണോ എന്ന് ബുമ്രയോട് തന്നെ ചോദിക്കാവുന്നതാണ്.
അതേസമയം ബുമ്രയെ ശരിയായ രീതിയിലല്ല ടീം ഉപയോഗിക്കുന്നതെന്ന് സഞ്ജയ് ബംഗാർ നിരീക്ഷിച്ചു. ആദ്യ ഓവറിലും മൂന്നാം ഓവറിലും ബുമ്രയെ പന്തേൽപ്പിക്കേണ്ടതായിരുന്നു. എന്നാൽ രണ്ടാം ഓവറിലും നാലാം ഓവറിലും ബുമ്രയെ പരീക്ഷിച്ചത് തിരിച്ചടിയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശരാശരി 134 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ബുമ്ര ഈ സീസണിൽ പന്തെറിയുന്നത്. മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തായ സാഹചര്യത്തിൽ ബുമ്രയെ കളിപ്പിക്കാതെ വിശ്രമം നൽകുന്നതിൽ തെറ്റില്ലെന്നും ബംഗാർ കൂട്ടിച്ചേർത്തു.
പവർപ്ലേയിൽ പരാജയപ്പെട്ടെങ്കിലും അവസാന ഓവറുകളിൽ യോർക്കറുകളിലൂടെയും സ്ലോ ബോള്ളുകളിലൂടെയും തിരിച്ചുവരാൻ ബുമ്ര ശ്രമിച്ചിരുന്നു. ഈ സീസണിലെ പത്ത് മത്സരങ്ങളിൽ മൂന്ന് ജയം മാത്രമുള്ള മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ ബുമ്ര ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. എങ്കിലും താരത്തിന്റെ ദീർഘകാല കരിയർ മുൻനിർത്തി വിശ്രമം അനുവദിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.









0 comments