ad
Deshabhimani

ഐപിഎല്ലിന്റെ പ്രതിച്ഛായ തകർക്കരുത്; രാജസ്ഥാൻ റോയൽസ് വിവാദങ്ങൾക്ക് പിന്നാലെ നിലപാട് കടുപ്പിക്കാൻ ബിസിസിഐ

devajith saikiya bcci

Photo Credit: PTI

വെബ് ഡെസ്ക്

Published on May 03, 2026, 01:44 PM | 1 min read

മുംബൈ: ഐപിഎല്ലിൽ അച്ചടക്ക ലംഘനം നടത്തുന്ന ടീമുകൾക്കെതിരെ ബിസിസിഐ കർശന നടപടി സ്വീകരിക്കുമെന്ന് ബോർഡ് സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു. രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.


സീസണിൽ രണ്ട് തവണയാണ് രാജസ്ഥാൻ റോയൽസ് നിയമലംഘനങ്ങളുടെ പേരിൽ വാർത്തകളിൽ ഇടംപിടിച്ചത്. ആദ്യം ടീം മാനേജർ രവീന്ദർ സിംഗ് ഭിന്ദർ ഡഗ് ഔട്ടിലിരുന്ന് ഫോൺ ഉപയോഗിച്ചതും, പിന്നാലെ പഞ്ചാബ് കിങ്‌സുമായുള്ള മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിലിരുന്ന് ക്യാപ്റ്റൻ റിയാൻ പരാഗ് വേപ്പിംഗ് നടത്തിയതുമാണ് വിവാദമായത്.


നിയമലംഘനത്തെ തുടർന്ന് ഭിന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. റിയാൻ പരാഗിന് മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും ഒരു ഡെമെറിറ്റ് പോയിന്റും ബിസിസിഐ നൽകി.


എന്നാൽ, വ്യക്തിഗത ശിക്ഷകൾക്ക് പുറമെ ടീമുകൾക്കെതിരെ മൊത്തത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്ന് ആലോചിക്കുകയാണെന്ന് മുംബൈയിൽ നടന്ന വനിതാ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപന വേളയിൽ സൈകിയ വ്യക്തമാക്കി.


ഐപിഎല്ലിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റം ടീമുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും മാന്യത നിലനിർത്താൻ ടീമുകൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യയിൽ ഇ-സിഗരറ്റുകൾ നിരോധിച്ചിട്ടുള്ളതിനാൽ റിയാൻ പരാഗിനെതിരെ നിയമനടപടികൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, പഞ്ചാബ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ആശയവിനിമയമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം മറുപടി നൽകി.


ടീമിലെ അച്ചടക്ക പ്രശ്നങ്ങൾ ബിസിസിഐയും ഫ്രാഞ്ചൈസിയും ഗൗരവമായി കണ്ടിട്ടുണ്ടെന്നും ടീമിനുള്ളിൽ മികച്ച സംസ്കാരം നിലനിർത്താനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര നേരത്തെ വ്യക്തമാക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home