ഐപിഎൽ 2026
പരിക്കിൽ വലഞ്ഞ് ചെന്നൈ; പ്ലേ ഓഫ് ഉറപ്പിക്കാൻ കർണാടക ഓൾ റൗണ്ടർ ടീമിലേക്ക്

മക്‌നീൽ നൊറോണ (Photo:ESPN cricinfo)
തിരുവനന്തപുരം : ഐപിഎൽ 2026 സീസണിൽ പരിക്കിന്റെ പിടിയിലായ ചെന്നൈ സൂപ്പർ കിങ്‌സ് നിരയിലേക്ക് പുതിയ താരമെത്തുന്നു. പരിക്കേറ്റ് പുറത്തായ പേസർ രാമകൃഷ്ണ ഘോഷിന് പകരക്കാരനായി കർണാടകയുടെ ഓൾറൗണ്ടർ മക്‌നീൽ നൊറോണയെ സിഎസ്‌കെ ടീമിലെടുത്തു. 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് താരം ചെന്നൈ ക്യാമ്പിലെത്തുന്നത്.
മെയ് 2ന് മുംബൈ ഇന്ത്യൻസിനെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിനിടെയാണ് രാമകൃഷ്ണ ഘോഷിന്റെ കാലിന് പരിക്കേറ്റത്. ഒരു വിക്കറ്റും താരം ആ മത്സരത്തിൽ നേടിയിരുന്നു. സീസണിലുടനീളം പരിക്കിന്റെ വെല്ലുവിളി നേരിടുന്ന ചെന്നൈയ്ക്ക് നേരത്തെ ആയുഷ് മാത്രെ,നഥാൻ എല്ലിസ്, ഖലീൽ അഹമ്മദ് എന്നിവരെയും നഷ്ടമായിരുന്നു. കാലിലെ പേശീവലിവ് കാരണം ഇതിഹാസ താരം എംഎസ് ധോണിയും ഇതുവരെ സീസണിൽ കളിക്കാനിറങ്ങിയിട്ടില്ല.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് നൊറോണയെ ചെന്നൈ നിരയിലെത്തിച്ചത്. ബിസിസിഐയുടെ 2024-25 സികെ നായിഡു ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള എംഎ ചിദംബരം ട്രോഫി ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. 2025ലെ മഹാരാജ ട്രോഫി നേടിയ മംഗളൂരു ഡ്രാഗൺസ് ടീമിലും നൊറോണ നിർണായക സാന്നിധ്യമായിരുന്നു. ബാറ്റിംഗിനൊപ്പം ഓഫ്‌സ്പിന്നിലൂടെയും തിളങ്ങാൻ നൊറോണയ്ക്ക് സാധിക്കും.
നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. വെള്ളിയാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ചെന്നൈയ്ക്ക് വരും മത്സരങ്ങൾ ഏറെ നിർണായകമാണ്.











0 comments