സ്വന്തം ഭാവി തീരുമാനിക്കാൻ പ്രായപൂർത്തിയായ സ്ത്രീക്ക് അവകാശമുണ്ട്: ബോംബെ ഹൈക്കോടതി

മുംബൈ: പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് താൻ എവിടെ താമസിക്കണം, ആരെ വിവാഹം കഴിക്കണം, പഠനം തുടരണമോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പൂർണ്ണമായ നിയമപരമായ അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. തെലങ്കാനയിൽ നിന്നുള്ള 21 വയസ്സുകാരി നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
പത്തു വയസ്സ് മൂത്ത ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ കുടുംബം നിർബന്ധിച്ചതിനെത്തുടർന്നാണ് യുവതി വീടുവിട്ട് മഹാരാഷ്ട്രയിലേക്ക് എത്തിയത്. പഠിച്ച് സ്വന്തം കാലിൽ നിൽക്കാനായിരുന്നു യുവതിയുടെ ആഗ്രഹം. എന്നാൽ, യാഥാസ്ഥിതികരായ കുടുംബം ഇതിനെ എതിർത്തതോടെയാണ് ഭാവിക്കുവേണ്ടി അവൾ വീടുവിട്ടത്.
യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. കുടുംബവും നാട്ടുകാരും ചേർന്ന് തന്നെ തിരികെ കൊണ്ടുപോകുമെന്നും നിർബന്ധപൂർവ്വം വിവാഹം കഴിപ്പിക്കുമെന്നും ഭയന്നാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
തനിക്ക് സുരക്ഷ വേണമെന്നും, തന്നെ തിരികെ കൊണ്ടുപോകാൻ ആരെയും അനുവദിക്കരുതെന്നും യുവതി കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച ജഡ്ജിമാർ യുവതിയുമായി നേരിട്ട് സംസാരിച്ചു. കൃത്യമായ ബോധത്തോടെയും പക്വതയോടെയുമാണ് യുവതി തീരുമാനങ്ങൾ എടുക്കുന്നതെന്ന് കോടതിക്ക് ബോധ്യമായി.
മാതാപിതാക്കൾ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കില്ലെന്ന് കോടതിയിൽ ഉറപ്പു നൽകിയെങ്കിലും, തിരികെ പോകാൻ യുവതി വിസമ്മതിച്ചു. എന്നാൽ, താൻ സുരക്ഷിതയാണെന്ന് കുടുംബത്തെ അറിയിക്കാമെന്ന് അവൾ സമ്മതിച്ചു. പ്രായപൂർത്തിയായ യുവതിയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി വീട്ടിലേക്ക് മടങ്ങാൻ നിർബന്ധിക്കാൻ മാതാപിതാക്കൾക്കോ സർക്കാരിനോ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതിയെ കാണാനില്ലെന്ന പരാതിയിൽ തെലങ്കാന പൊലീസിനോട് കേസ് അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സീനിയർ അഭിഭാഷകൻ മിഹിർ ദേശായിയാണ് യുവതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്.










0 comments