കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു

പ്രതീകാത്മകചിത്രം
ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി) കമാൻഡർ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച തെക്കൻ കശ്മീർ ജില്ലയിലെ ഏഴ് ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന മീമന്ദർ പ്രദേശത്തെ വനത്തിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിരുന്നു. നിരോധിത സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ സ്വയം പ്രഖ്യാപിത കമാൻഡറായ സാക്കിർ അഹമ്മദ് ഗാനി ആണ് കൊല്ലപ്പെട്ടതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
2023 സെപ്തംബറിലാണ് കുൽഗാമിലെ വസതിയിൽ നിന്ന് ഗാനിയെ കാണാതാകുന്നത്. തുടർന്ന് ഒക്ടോബറിൽ വീട്ടുകാർ പരാതി നൽകി. പിന്നീട് എൽഇടിയുടെ ഒരു ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്ന ഭീകര സംഘടനയിൽ ഗാനി ചേർന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യുഎപിഎ) വിവിധ വകുപ്പുകൾ പ്രകാരം കുൽഗാം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് മീമന്ദർ പ്രദേശത്തെ വനത്തിൽ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ നിരീക്ഷണ ക്യാമറകളിൽ കണ്ടെത്തിയത്.
കഴിഞ്ഞ അഞ്ച് ദിവസമായി പൊലീസ്, ആർമിയുടെ 55 ആർആർ, 44 ആർആർ, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘം പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായും ഇരുവിഭാഗവും തമ്മിൽ വെടിവയ്പ്പ് നടന്നതായും അവർ പറഞ്ഞു. സൈന്യത്തിന്റെ പ്രത്യേക കൗണ്ടർ-ഇൻസർജൻസി യൂണിറ്റായ വിക്ടർ ഫോഴ്‌സ് പ്രദേശത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.











0 comments