ad
Deshabhimani

മറ്റ് രാജ്യങ്ങളിൽ E5 മുതൽ അനുയോജ്യമായത് തെരഞ്ഞെടുക്കാം

E20 പെട്രോൾ: പഴയ വാഹനങ്ങളുടെ സുരക്ഷയിൽ ആശങ്കയുയർത്തി ARAI പഠനം

e 20
വെബ് ഡെസ്ക്

Published on Jul 08, 2026, 02:48 PM | 3 min read

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകളിൽ 20 ശതമാനം എഥനോൾ ചേർത്ത E20 പെട്രോൾ മാത്രമായി വിതരണം പരിമിതപ്പെടുത്തിയതോടെ പഴയ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ സജീവമാകുന്നു. മുൻപ് ലഭ്യമായിരുന്ന E10 പെട്രോൾ പൂർണ്ണമായും നിർത്തലാക്കപ്പെടുകയും E20 നിർബന്ധമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) 2021-ൽ നടത്തിയ ഗവേഷണ പഠനത്തിലെ വിവരങ്ങൾ പുറത്തെത്തി.


കൂടിയ അളവിൽ എഥനോൾ അടങ്ങിയ ഇന്ധനം വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുന്നുവെന്നും മെയിന്റനൻസ് ചിലവ് വർദ്ധിപ്പിക്കുന്നുവെന്നും പഴയ പെട്രോൾ വാഹന ഉടമകൾ പരാതി ഉയര്‍ത്തുന്നുണ്ട്. പഠനത്തിലെ പല നിരീക്ഷണങ്ങളും ഈ ആശങ്ക ശരിവെക്കുന്നു.


വാഹനങ്ങളുടെ ഇന്ധന വിതരണ സംവിധാനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കളിൽ E20 പെട്രോൾ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചാണ് ARAI പഠനം നടത്തിയത്. ലാബോറട്ടറി സാഹചര്യങ്ങളിൽ 8 ലോഹങ്ങളും 6 റബ്ബർ അധിഷ്ഠിത വസ്തുക്കളായ ഇലാസ്റ്റോമറുകളും , 4 പ്ലാസ്റ്റിക്കുകളും E20 ഇന്ധനത്തിൽ മുക്കി വെച്ചായിരുന്നു പരീക്ഷണം.


E20 പെട്രോൾ വാഹനങ്ങളിലെ ലോഹ ഭാഗങ്ങളിൽ കാര്യമായ നാശമുണ്ടാക്കുന്നില്ല (Corrosion) എന്ന് പഠനത്തിൽ കണ്ടെത്തി. എന്നാൽ, E10 ഇന്ധനത്തിനായി മാത്രം രൂപകൽപ്പന ചെയ്ത പഴയ വാഹനങ്ങളിലെ ചില റബ്ബർ, പ്ലാസ്റ്റിക് ഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തി.


പ്രത്യേകിച്ചും ഇന്ധന പൈപ്പുകൾ, ഹോസുകൾ, ഗാസ്കറ്റുകൾ, സീലുകൾ, ഒ-റിംഗുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന NBR-PVC ബ്ലെൻഡുകൾ, എപിലോറോഹൈഡ്രിൻ ഇലാസ്റ്റോമറുകൾ എന്നിവയ്ക്ക് സാധാരണ പെട്രോളിനെക്കാൾ വേഗത്തിൽ നാശം സംഭവിക്കുന്നു. കൂടാതെ വാഹനങ്ങളിൽ പരക്കെ ഉപയോഗിക്കുന്ന PA66 എന്ന എഞ്ചിനീയറിംഗ് പ്ലാസ്റ്റിക്കിന്റെ കരുത്തും ഘടനയും വ്യത്യാസപ്പെടുന്നതായും കണ്ടെത്തി. ഇത് ദീർഘകാലാടിസ്ഥാനത്തിൽ പഴയ വാഹനങ്ങളുടെ ഇന്ധന പൈപ്പുകളിലും മറ്റും ചോർച്ചയ്ക്കോ തകരാറുകൾക്കോ കാരണമായേക്കാം.


സിയാം റിപ്പോർട്ടും

ഉയര്‍ത്തിയത് ഇതേ ആശങ്ക


ഈ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വാഹന നിർമ്മാതാക്കളുടെ സംഘടനയായ സിയാമും (Society of Indian Automobile Manufacturers) മുൻപ് പുറത്തുവിട്ടിരുന്നു. നീതി ആയോഗിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ഈ റിപ്പോര്‍ട് പ്രകാരം E20 ഇന്ധനത്തിലേക്ക് മാറുമ്പോൾ വാഹനങ്ങളുടെ ഇനമനുസരിച്ച് മൈലേജിൽ ശരാശരി 6 ശതമാനം വരെ കുറവ് രേഖപ്പെടുത്താം.


Related News

2021-ന് മുൻപ് നിർമ്മിച്ച പഴയ വാഹനങ്ങൾ E20 ഇന്ധനത്തിന് അനുയോജ്യമായ റബ്ബർ, പ്ലാസ്റ്റിക് ഭാഗങ്ങൾ ഉപയോഗിച്ചല്ല നിർമ്മിച്ചിട്ടുള്ളത്. അതിനാൽ ഇവയ്ക്ക് ദീർഘകാല ഉപയോഗത്തിൽ കേടുപാടുകൾ വരാൻ സാധ്യതയുണ്ടെന്ന് സിയാമും ചൂണ്ടിക്കാണിച്ചിരുന്നു. 2023 ഏപ്രിൽ മുതൽ നിർമ്മിച്ച വാഹനങ്ങൾ മാത്രമാണ് പൂർണ്ണമായും E20 മെറ്റീരിയൽ കോംപാറ്റിബിലിറ്റിയോടെ പുറത്തിറങ്ങുന്നത്.

എഞ്ചിൻ പരിശോധനകളിൽ സമ്മിശ്ര ഫലം


ബിഎസ്-4 (BS4) മാനദണ്ഡങ്ങളിലുള്ള ഒരു ഫോർ വീലർ എഞ്ചിൻ 400 മണിക്കൂർ തുടർച്ചയായി E20 ഇന്ധനത്തിൽ പ്രവർത്തിപ്പിച്ചപ്പോൾ തകരാറുകളൊന്നും കണ്ടെത്തിയില്ല. എന്നാൽ, മറ്റൊരു നിർമ്മാതാവിന്റെ ബിഎസ്-6 (BS6) ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പരിശോധിച്ചപ്പോൾ 265 മണിക്കൂറായപ്പോഴേക്കും എക്സോസ്റ്റ് വാൽവിന് തകരാർ (Thermomechanical failure) സംഭവിച്ചു.


Related News

E20 പെട്രോൾ ഉപയോഗിക്കുന്നത് വഴി വായു മലിനീകരണം കുറയുമെങ്കിലും, പഴയ വാഹനങ്ങളുടെ എഞ്ചിൻ ആയുസ്സിനെയും ഇന്ധനക്ഷമതയെയും ഇത് ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ARAI നടത്തിയ ഈ പഠനത്തിന്റെ പൂർണ്ണമായ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടാൽ മാത്രമേ, ഇന്ത്യയുടെ ഈ ഇന്ധന പരിവർത്തന ഘട്ടത്തിൽ പഴയ വാഹന ഉടമകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. എന്നാൽ ഈ റിപ്പോര്‍ട് പരസ്യപ്പെടുത്തുന്നത് തടഞ്ഞിരിക്കയാണ്. ഇന്ത്യ ടു ഡേ പോലുള്ള മാധ്യമങ്ങളാണ് റിപ്പോര്ട് കണ്ടെത്തി വിവരങ്ങൾ പുറത്തെത്തിച്ചിട്ടുള്ളത്.


പ്രഖ്യാപനത്തിൽ ഫ്ലെക്സി ഫ്യുവൽ

പിന്നാലെ അടിച്ചേൽപ്പിക്കൽ

ബ്രസീൽ, യുഎസ്എ, തായ്‌ലൻഡ് പോലുള്ള ഇടങ്ങളിൽ)വാഹനങ്ങളുടെ പഴക്കവും അനുയോജ്യതയും അനുസരിച്ച് ഉപഭോക്താവിന് E10 വേണോ E20 വേണോ എന്ന് പമ്പുകളിൽ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. എന്നാൽ ഇന്ത്യയിൽ വളരെ വേഗത്തിൽ ലക്ഷ്യം കൈവരിച്ചു എന്നവകാശപ്പെട്ട് പമ്പുകളിൽ E20 അല്ലാതെ മറ്റൊരു ചോയ്സ് സാധാരണക്കാർക്ക് ലഭ്യമല്ല.


യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലെല്ലാം നിലവിൽ E5 (5%), E10 (10%) ഗ്രേഡ് ഇന്ധനങ്ങളാണ് വിതരണം ചെയ്യുന്നത്. പഴയ വാഹനങ്ങൾക്ക് കേടുപാടുകൾ വരാതിരിക്കാൻ പല യൂറോപ്യൻ രാജ്യങ്ങളിലും (E10-നൊപ്പം പ്രീമിയം ഗ്രേഡ് ഇന്ധനമായി E5 പെട്രോളും പമ്പുകളിൽ നിലനിർത്തിയിട്ടുണ്ട്.


ഏഷ്യയിൽ ഇന്ത്യയ്ക്ക് മുൻപ് തന്നെ E20 പെട്രോൾ വിജയകരമായി വിപണിയിലെത്തിച്ച രാജ്യമാണ് തായ്‌ലൻഡ്. അവിടെ സാധാരണ പെട്രോളിനൊപ്പം E10, E20, കൂടാതെ ഉയർന്ന നിരക്കിലുള്ള E85 ഇന്ധനങ്ങളും പമ്പുകളിൽ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home