സ്വകാര്യ ബസ് നടപ്പാതയിലേയ്ക്ക് ഇടിച്ചുകയറിയുണ്ടായ അപകടം: ചികിത്സയിലായിരുന്ന 18 കാരി മരിച്ചു

പ്രതീകാത്മക ചിത്രം
കോട്ടയം: അമിതവേഗയിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേയ്ക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് (18) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ഐസിയുവിൽ വെന്റിലേറ്ററിലായിരുന്നു അഞ്ജലി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്.
ചന്തക്കവലയ്ക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അഞ്ജലി. നാഗമ്പടം സ്റ്റാൻഡിൽനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. അഞ്ചു പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ബസിനടിയിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. അമിതവേഗമാണ് അപകടകാരണമെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണു പരുക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. ചാറ്റൽമഴ ഉണ്ടായിരുന്നതു മൂലം ബസ് സ്റ്റോപ്പിനു സമീപത്തെ കടത്തിണ്ണയിലേക്കു ചിലർ കയറി നിന്നതിനാൽ വൻദുരന്തം ഒഴിവായി. ബസ് വരുന്നതു കണ്ട് ചിലർ ഓടിമാറിയതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഡ്രൈവറും കണ്ടക്ടറും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. അമ്മ മരിച്ചതിനു ശേഷം വല്യമ്മയ്ക്കൊപ്പമായിരുന്നു അഞ്ജലിയുടെ താമസം.








0 comments