ad
Deshabhimani

പശ്ചിമേഷ്യ വീണ്ടും കലുഷിതം; സമാധാന കരാർ ലംഘിച്ച് ഇറാനിൽ യുഎസ് വ്യോമാക്രമണം

Trump - Photo by FILIP SINGER / POOL / AFP

ഡൊണാൾഡ് ട്രംപ് | Photo by FILIP SINGER / POOL / AFP

വെബ് ഡെസ്ക്

Published on Jul 08, 2026, 02:34 PM | 1 min read

അങ്കാറ : പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒപ്പുവെച്ച വെടിനിർത്തൽ കരാറുകളെല്ലാം കാറ്റിൽപ്പറത്തി ഇറാനിലെ ജനകീയ പ്രതിരോധങ്ങൾക്ക് നേരെ വൻ വ്യോമാക്രമണവുമായി അമേരിക്ക. തുർക്കിയെയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാറുകൾ ഫലത്തിൽ അവസാനിച്ചതായി പ്രഖ്യാപിച്ചത്. കൂടാതെ ട്രംപ് ആക്രമണത്തെ പരസ്യമായി ന്യായീകരിക്കുകയും ചെയ്തു. നാറ്റോ സഖ്യരാജ്യങ്ങളെ സാക്ഷിയാക്കി കടുത്ത യുദ്ധപ്രകോപനമാണ് ട്രംപ് ഉച്ചകോടിയിൽ ഉയർത്തിയത്. ഇറാനുമായുള്ള വെടിനിർത്തൽ കരാറും ധാരണാപത്രവും ഫലത്തിൽ അവസാനിച്ചതായും ട്രംപ് പറഞ്ഞു.


കഴിഞ്ഞ രാത്രി ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ അതീവ ശക്തമായ ആക്രമണം നടത്തിയെന്നും ഇറാന്റെ നേതൃത്വത്തിന് തകരാറുണ്ടായെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എപ്പോഴൊക്കെ പ്രതിരോധങ്ങൾ ഉണ്ടാകുന്നുവോ അപ്പോഴൊക്കെ കൂടുതൽ മാരകമായി തിരിച്ചടിക്കുമെന്ന ഭീഷണിയും ട്രംപ് ആവർത്തിച്ചു. ഇറാനെ ആണവവിമുക്തമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവകാശപ്പെടുന്ന അമേരിക്ക യഥാർത്ഥത്തിൽ പശ്ചിമേഷ്യയിലെ എണ്ണ വിപണി കൈപ്പിടിയിലൊതുക്കാനും അധിനിവേശം ഉറപ്പാക്കാനുമാണ് ഈ സമാധാനക്കരാറുകളെല്ലാം ഏകപക്ഷീയമായി ലംഘിക്കുന്നത്.


"ഇറാനിലെ വളരെ അപകടകാരികളായ മനുഷ്യർക്ക് നേരെ കഴിഞ്ഞ രാത്രി ഞങ്ങൾ അതീവ ശക്തമായ ആക്രമണം നടത്തി. അവർക്ക് എന്തോ തകരാറുണ്ട്, അവർക്ക് മാനസിക അസുഖമാണ്," എന്ന് ഇറാന്റെ നേതൃത്വത്തെ പരാമർശിച്ച് ട്രംപ് പറഞ്ഞു.


ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പേരുപറഞ്ഞാണ് ബുധനാഴ്ച ഇറാനിയൻ സൈനിക താവളങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വൻ വ്യോമാക്രമണം നടത്തിയത്.


താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ യുഎസ് നടത്തിയ ഈ അധിനിവേശത്തിനെതിരെ ഇറാൻ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ധാരണാപത്രം ആവർത്തിച്ച് ലംഘിക്കുന്നത് അമേരിക്കയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ദേശീയ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും കരാർ ലംഘിച്ചതിന് യുഎസ് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ ഇറാൻ മുന്നറിയിപ്പ് നൽകി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home