ad
Deshabhimani

കള്ളാടിയിൽ തിരച്ചിൽ തുടരുന്നു; നാല് മേഖലകളായി തിരിച്ച് രക്ഷാ ദൗത്യം

meppadi landslide
വെബ് ഡെസ്ക്

Published on Jul 08, 2026, 03:06 PM | 1 min read

കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു. രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കാൻ ദുരന്തബാധിത പ്രദേശത്തെ പ്രധാനമായും നാല് സെക്ടറുകളായി (സോണുകളായി) തിരിച്ചിട്ടുണ്ട്. ഓരോ സോണിലും പ്രത്യേക സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.


എൻഡിആർഎഫ്, ആർആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നിവരുൾപ്പെടെ 500ലധികം ആളുകളടങ്ങിയ സംഘം രക്ഷാപ്രവർത്തനം നടത്തുന്നു. ദേശീയ ദുരന്തപ്രതികരണ സേനയുടെ 70 പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡറുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ ദുരന്തസ്ഥലത്തേക്ക് തിരിച്ചു.


ചൊവ്വാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന തിരച്ചിലിന് ശേഷം, ബുധനാഴ്ച രാവിലെ ആറരയോടെയാണ് ദൗത്യം വീണ്ടും പുനരാരംഭിച്ചത്. കനത്ത മഴയും കോടമഞ്ഞും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തി. തകരാറിലായ റോഡുഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇതോടൊപ്പം ഊർജിതമായി നടക്കുന്നു. മീനാക്ഷി പാലത്തിന്റെ മുകൾഭാഗത്ത് കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിച്ച് വലിയ മൺകൂനകൾ നീക്കം ചെയ്യുന്ന നടപടികൾ പുരോ​ഗമിക്കുകയാണ്.


മൺകൂനകൾക്കിടയിൽ ജീവന്റെ സാന്നിധ്യമോ ചലനങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താൻ ശേഷിയുള്ള 'മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകൾ' (സ്പോട് ലൊക്കേഷൻ ക്യാമറകൾ) ഉപയോഗിക്കുന്നുണ്ട്. ഈ ക്യാമറയിൽ എന്തെങ്കിലും അനക്കം ശ്രദ്ധയിൽപ്പെട്ടാൽ അവിടെ അതീവ ജാഗ്രതയോടെ മണ്ണ് മാറ്റി ആളുകളെ പുറത്തെടുക്കും. ദുരന്തമേഖലയുടെ കൃത്യമായ ചിത്രം ലഭിക്കുന്നതിനായി ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തുന്നുണ്ട്.


മൺകൂനകൾക്കിടയിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അവ വേഗത്തിൽ കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലനം സിദ്ധിച്ച രണ്ട് കഡാവർ നായകളുടെ സേവനവും പ്രയോജനപ്പെടുത്തും. മണ്ണിടിച്ചിലിൽ ഇതുവരെ മൂന്ന് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരെല്ലാം അതിഥി തൊഴിലാളികളാണ്. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home