ad
Deshabhimani

'മകന്റെ തെറ്റിന് അർഹിച്ച ശിക്ഷ കിട്ടി'; എൻകൗണ്ടറിൽ കൊല്ലപ്പെട്ട പീഡനക്കേസ് പ്രതിയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് അമ്മ

image credit : PTI

പ്രതി പ്രവാഷ് മൊണ്ടൽ, പ്രതിയുടെ അമ്മ സന്ധ്യ മൊണ്ടാൽ image credit : PTI

വെബ് ഡെസ്ക്

Published on Jul 08, 2026, 03:23 PM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട പ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ. മകന്റെ മരണവാർത്ത അറിയിക്കാൻ പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ ആശുപത്രിയിലേക്ക് പോകാൻ പോലും മാതാപിതാക്കൾ കൂട്ടാക്കിയില്ല.


"എന്റെ മകൻ ചെയ്ത ക്രൂരതയ്ക്ക് അവൻ ശിക്ഷിക്കപ്പെട്ടു. അവന്റെ മൃതദേഹം ഞാൻ സ്വീകരിക്കില്ല, ഈ വീട്ടിലേക്ക് കൊണ്ടുവരികയുമില്ല. അവൻ ഒരു നല്ല കാര്യവുമല്ല ചെയ്തത്. തെറ്റ് ചെയ്തു, അതിനുള്ളത് കിട്ടി. അവനെ എന്ത് വേണമെങ്കിലും ചെയ്തോളൂ, എനിക്ക് യാതൊരു പരാതിയുമില്ല"— പ്രതിയുടെ അമ്മ സന്ധ്യ മൊണ്ടാൽ പറഞ്ഞു.


രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ പരിചരിക്കാൻ താൻ മാത്രമേയുള്ളൂവെന്നും, ഈ പാപക്കറ പുരണ്ട മകന്റെ മുഖം കാണാൻ താൽപ്പര്യമില്ലെന്നുമാണ് അമ്മ പോലീസിനോട് വ്യക്തമാക്കിയത്. മരണാനന്തര ചടങ്ങുകളിലോ മറ്റ് ഔദ്യോഗിക നടപടികളിലോ തങ്ങളെ പങ്കാളികളാക്കരുതെന്ന് പ്രതിയുടെ അമ്മ സന്ധ്യ മൊണ്ടാൽ അധികൃതരോട് ആവശ്യപ്പെട്ടു.


തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പ്രതി പ്രവാഷ് മൊണ്ടൽ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർന്നുണ്ടായ ആക്രമണത്തിൽ പ്രതി കൊല്ലപ്പെടുകയായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ പ്രധാനിയാണ് മൊണ്ടൽ.


ആനന്ദ സർദാർ, ദിബാകർ സർദാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ നിറച്ച് ബറയിപൂരിലെ കുളത്തിൽ തള്ളിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം സുഹൃത്തിന്റെ ജന്മദിനത്തിന് പാരിതോഷികം വാങ്ങാൻ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


സംഭവം അറിഞ്ഞയുടൻ രോഷാകുലരായ നാട്ടുകാർ പ്രതികളിലൊരാളെ പിടികൂടി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം പ്രദേശത്ത് വൻ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. നാലുപേർ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ബറയിപൂർ പൊലീസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home