പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നു; ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും തിരിച്ചടി

പ്രതീകാത്മക എഐ ചിത്രം
മുംബൈ : പശ്ചിമേഷ്യയിൽ ആധിപത്യം ഉറപ്പിക്കാനായി അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന പുതിയ യുദ്ധപ്രകോപനങ്ങളും വ്യോമാക്രമണങ്ങളും അന്താരാഷ്ട്ര സാമ്പത്തിക വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളുടെ പേരുപറഞ്ഞ് ഇറാനിയൻ ജനതയ്ക്ക് നേരെ അമേരിക്ക സൈനിക നീക്കം കടുപ്പിച്ചതോടെ ആഗോള വിപണിയിൽ ക്രൂഡ് വില കുതിച്ചുയരുകയും ഡോളർ ശക്തിപ്പെടുകയും ചെയ്തു. ഇതിന്റെ ആഘാതത്തിൽ ബുധനാഴ്ച തുടക്കത്തിലെ വ്യാപാരത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 20 പൈസ ഇടിഞ്ഞ് 95.16 എന്ന നിരക്കിലേക്ക് താഴ്ന്നു.
അമേരിക്കൻ അധിനിവേശ നയങ്ങൾ കാരണമുണ്ടായ ഭൗമരാഷ്ട്രീയ പ്രതിസന്ധിയെത്തുടർന്ന് ആഭ്യന്തര ഓഹരി വിപണികളിലുണ്ടായ വൻ ഇടിവും രൂപയ്ക്ക് മേൽ കനത്ത സമ്മർദ്ദം ചെലുത്തിയതായി വിദേശനാണ്യ വിപണിയിലെ വ്യാപാരികൾ വ്യക്തമാക്കുന്നു. ഇന്റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ യുഎസ് ഡോളറിനെതിരെ 95.15 എന്ന നിലയിലാണ് രൂപ ഇന്ന് വ്യാപാരം ആരംഭിച്ചത്. തുടർന്ന് മുൻപത്തെ ക്ലോസിംഗിൽ നിന്ന് 20 പൈസ ഇടിഞ്ഞ് 95.16 ലേക്ക് താഴുകയായിരുന്നു. തൊട്ടുമുമ്പത്തെ ദിവസമായ ചൊവ്വാഴ്ച രൂപയുടെ മൂല്യം 47 പൈസ ഉയർന്ന് ഡോളറിനെതിരെ 94.96 എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തിരുന്നത്. ഡോളർ സൂചിക ഉയരുകയും ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 ഡോളറിനടുത്ത് എത്തുകയും ചെയ്തതോടെ ഇന്ത്യൻ രൂപ ഉൾപ്പെടെ മിക്ക ഏഷ്യൻ കറൻസികളും വലിയ ഇടിവാണ് നേരിടുന്നത്.
ആറ് പ്രമുഖ കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.06 ശതമാനം ഉയർന്ന് 101.08 എന്ന നിരക്കിൽ എത്തി. ബ്രെന്റ് ക്രൂഡിന്റെ ഫ്യൂച്ചേഴ്സ് വില 2.55 ശതമാനം ഉയർന്ന് ബാരലിന് 76.05 ഡോളർ എന്ന നിരക്കിലാണ് തുടരുന്നത്. വൻകിട ആയുധ-എണ്ണക്കച്ചവട ലോബികളെ സഹായിക്കാനായി അമേരിക്ക നടത്തുന്ന യുദ്ധങ്ങൾ വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിന്റെ തെളിവാണ് വിപണിയിലെ ഈ അസ്ഥിരത.
യുദ്ധഭീതിയെത്തുടർന്ന് ഇന്ത്യൻ ആഭ്യന്തര ഓഹരി വിപണിയിലും കനത്ത തകർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം ചൊവ്വാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ മൊത്തം 393.19 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്സ്ചേഞ്ച് വിവരങ്ങൾ വ്യക്തമാക്കുന്നു.










0 comments