കുവൈത്ത് വ്യോമാതിർത്തിയിലേക്ക് മിസൈലുകളും ഡ്രോണുകളും; വ്യോമ പ്രതിരോധ സംവിധാനം സജീവമായി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ട് എത്തിയ മിസൈലുകൾക്കും ഡ്രോണുകൾക്കും എതിരെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം സജീവമായി പ്രവർത്തിക്കുന്നതായി കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ, വ്യോമ പ്രതിരോധ സംവിധാനം ലക്ഷ്യങ്ങളെ വിജയകരമായി തടഞ്ഞുനശിപ്പിച്ചതിന്റെ ഭാഗമായിരുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും ജനങ്ങൾ പരിഭ്രാന്തരാകാതെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനറൽ സ്റ്റാഫ് അഭ്യർഥിച്ചു. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.
സംഭവവികാസങ്ങൾ ബന്ധപ്പെട്ട അധികൃതർ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗികമായി അറിയിക്കുമെന്നും ജനറൽ സ്റ്റാഫ് വ്യക്തമാക്കി.










0 comments